വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ സിപിഎം പങ്ക്; സിബിഐ അന്വേഷിക്കണമെന്ന് കെ സുധാകരൻ എംപി

Published : Mar 09, 2022, 05:09 PM IST
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ സിപിഎം പങ്ക്; സിബിഐ അന്വേഷിക്കണമെന്ന് കെ സുധാകരൻ എംപി

Synopsis

കോൺഗ്രസിന്റെ ആരോപണം ശരിവെക്കുന്നതാണ് ലോക്കല്‍ സെക്രട്ടറിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിന്റെ ഗൂഢാലോചന മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തുറന്ന് പറഞ്ഞ സാഹചര്യത്തില്‍, കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ആരോപണം. സിപിഎമ്മിനുള്ളിലെ കുടിപ്പകയുടെ ഇരകളാണ് കൊല്ലപ്പെട്ട രണ്ട് യുവാക്കളെന്ന ആരോപണം കോണ്‍ഗ്രസ് അന്ന് തന്നെ ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ആരോപണം ശരിവെക്കുന്നതാണ് ലോക്കല്‍ സെക്രട്ടറിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ശരിയാംവിധം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരുന്നത് സിപിഎം ഉന്നതരായിരിക്കും വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നാണ് അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

വെഞ്ഞാറമ്മൂട്ടില്‍ 2020 ലെ തിരുവോണ ദിവസമാണ് ഇരട്ടക്കൊലപാതകം നടന്നത്. ഇതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍വെച്ച് കെട്ടാനാണ് സിപിഎം ശ്രമിച്ചത്. രക്തസാക്ഷികളെ കിട്ടിയത് ആഘോഷമാക്കിയ സിപിഎം, സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും എതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം അന്വേഷിക്കാന്‍ മെനക്കാടാത്ത പോലീസ് സിപിഎമ്മിന്റെ ഭീഷണിക്കും സമര്‍ദ്ദത്തിനും വഴങ്ങി അവരുടെ തിരക്കഥ അനുസരിച്ച്  പ്രതികളെ കണ്ടെത്തുകയായിരുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു.

അക്രമികള്‍ക്കും കൊലപാതികള്‍ക്കും അഭയകേന്ദ്രം ഒരുക്കുന്ന പ്രസ്ഥാനമായി സിപിഎം മാറി. നിരവധി കൊലപാതക കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശിന് സിപിഎം അംഗത്വം നല്‍കിയതും പരോളിലിറങ്ങിയ മറ്റൊരു കൊലക്കേസ് പ്രതിയെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയതും അതിന് ഉദാഹരണങ്ങളാണ്. തട്ടിപ്പുക്കാര്‍ക്കും സ്ത്രീ പീഡകര്‍ക്കും കൊലപാതികള്‍ക്കും സംരക്ഷണം നല്‍കുന്ന നിലയിലേക്ക് സിപിഎം നേതൃത്വം അധപതിച്ചു. ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായം പോലെ കൊണ്ടു നടക്കുന്ന സിപിഎം ആളെ കൊല്ലുന്ന പാര്‍ട്ടിയായെന്നും സുധാകരൻ വിമർശിച്ചു.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്