
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍റെ മൊഴി. അഫാൻ മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാന്‍റെ മൊഴി. തട്ടത്തുമലയിലുള്ള അമ്മയുടെ ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ബന്ധുക്കള്‍ പണം തിരിച്ചു ചോദിച്ചപ്പോൾ തർക്കവുമുണ്ടായി. ഇതിൽ വലിയ വൈരാഗ്യം അഫാന് ബന്ധുക്കളോട് ഉണ്ടായിരുന്നു. മുത്തശ്ശിയെയും അച്ഛന്‍റെ സഹോജരനെയും ഭാര്യയെയും കൊലപ്പെടുത്തുമ്പോൾ അമ്മയുടെ ബന്ധുക്കളെയും ലക്ഷ്യം വച്ചിരുന്നു. കൊലപാതകങ്ങള്‍ ചെയ്യുന്നതിനിടെ മദ്യപിച്ചു. പെണ്‍സുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാൽ വാഹനമെടുത്ത് തട്ടത്തുമലയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കി. അല്ലെങ്കിൽ കൊലപാതങ്ങളുടെ എണ്ണം കൂടുമായിരുന്നു.
കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഇനി വ്യക്തമാകേണ്ടത് സാമ്പത്തിക ബന്ധങ്ങളാണ്. വൻ സാമ്പത്തിക ബാധ്യതയാണ് കൊലക്ക് പിന്നിലെന്നാണ് അഫാൻ പറയുന്നത്. എന്നാൽ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാൻെറ അച്ഛൻ റഹിം നൽകിയ മൊഴി. അഫാന് ഇനി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുക. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam