പുനലൂർ മണിയാർ സ്വദേശിനി മഞ്ജുവിനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മണികണ്ഠന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. 2022 ഫെബ്രുവരി രണ്ടിനാണ് മഞ്ജു കൊല്ലപ്പെട്ടത്
കൊല്ലം: ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. പുനലൂർ മണിയാർ സ്വദേശിനി മഞ്ജുവിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അച്ചൻകോവിൽ സ്വദേശി മണികണ്ഠനെയാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2022 ഫെബ്രുവരി 2നായിരുന്നു സംഭവം. തമ്മിലുണ്ടായ വഴക്കിനിടെ മണിയാറിലെ വാടക വീട്ടിൽ വെച്ചാണ് മണികണ്ഠൻ മഞ്ജുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മഞ്ജുവിന്റെ കൂട്ടുകാരിയെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച പ്രതി, താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞു.
വീട്ടിൽ പതിവായി വഴക്കുണ്ടാക്കിയ ശേഷം ഇത്തരത്തിൽ ഫോണിൽ വിളിച്ച് അറിയിക്കുക മണികണ്ഠന്റെ സ്ഥിരം പ്രവർത്തിയായിരുന്നു. അതിനാൽ തന്നെ മഞ്ജു കൊല്ലപ്പെട്ടെന്ന് പറഞ്ഞപ്പോൾ ആരും കാര്യമാക്കിയില്ല. രാവിലെ മഞ്ജുവിന്റെ സഹോദരൻ മനോജ് വീട്ടിലെത്തിയപ്പോഴാണ് മഞ്ജു കൊല്ലപ്പെട്ടെന്ന് വ്യക്തമായത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മണികണ്ഠനും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
പുനലൂർ പോലീസാണ് കേസ് അന്വേഷിച്ചത്. ജീവപര്യന്തത്തിന് പുറമേ ഒരു ലക്ഷം രൂപ പിഴയൊടുക്കാനും വിധിയിൽ പറയുന്നു. പിഴയടക്കാത്ത പക്ഷം ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. അഡീഷണൽ ഡിസ്ട്രിക്ട് സെക്ഷൻസ് ജഡ്ജ് സീമ സി എംആണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി അഡ്വക്കറ്റ് ജയകുമാർ കെ ഹാജരായി. കുരിയോട്ടുമല ഫാമിലെ ദിവസവേതന തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട മഞ്ജു. മഞ്ജുവിന്റെ മരണ ശേഷം മാതാപിതാക്കളാണ് ഇവരുടെ കുട്ടികളെ സംരക്ഷിച്ചിരുന്നത്. ഇവർ മരിച്ചതോടെ സഹോദരൻ മനോജിന്റെ സംരക്ഷണയിലാണ് കുട്ടികൾ.


