ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം ശുപാര്‍ശകളും സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ബാക്കിയുള്ളവ വേഗത്തിൽ നടപ്പാക്കാൻ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാ ജനകമായ പ്രചാരണങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ടതാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍. ഇതിലെ 284 ശിപാര്‍ശകളും 45 ഉപശിപാര്‍ശകളുമാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചത്. 17 വകുപ്പുകള്‍ പൂര്‍ണമായി ശിപാര്‍ശ നടപ്പിലാക്കി. 220 ശിപാര്‍ശകളിലും ഉപശിപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏഴ് ശിപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നതിന് അതത് വകുപ്പുകള്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി പരിഗണിക്കാന്‍ കഴിയുന്ന വിഷയങ്ങളില്‍ വേഗത്തില്‍ നടപടി പൂര്‍ത്തികരിച്ചു. നിലവിലെ കേന്ദ്രസംസ്ഥാന നിയമങ്ങള്‍ / ചട്ടങ്ങള്‍, കോടതിയുത്തരവുകളിലും മാറ്റം വരുത്തിയാലോ മറ്റു വകുപ്പുകളില്‍ നിന്ന് സമ്മതപത്രം ലഭ്യമാക്കിയാലോ മാത്രമേ മറ്റ് ശിപാർശകൾ നടപ്പാക്കാനാവൂ. മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി.

ജെ ബി കോശി കമ്മീഷനെ നിയമിച്ച് ഉത്തരവിട്ടത് 2020 നവംബര്‍ അഞ്ചിനാണ്. ശിപാര്‍ശകള്‍ വേഗത്തിൽ നടപ്പിലാക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 2025 ഫെബ്രുവരി 17നും യോഗം ചേർന്നു. ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടറിമാരുടെ യോഗം നടത്തി. ചീഫ് സെക്രട്ടറിയും വകുപ്പ് തലവന്മാരുമായി അഞ്ച് തവണ വിഷയം ചര്‍ച്ച ചെയ്തു. പലതവണ ന്യൂനപക്ഷ ക്ഷേമ വകുപ്പു സെക്രട്ടറി തലത്തിലും യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തി. സാധ്യമായ എല്ലാ നടപടികളും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള നടപടികൾ വേഗതയിൽ പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറിയുടെ തലത്തിൽ സെക്രട്ടറിമാരുടെ യോഗം ചേർന്ന് നടപടിയെടുക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. ഇതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കുന്നതിനും തീരുമാനിക്കുന്നതിനും ഫെബ്രുവരി 6ന് വെള്ളിയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം ചേരും. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടത്തുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.