
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ എസ്‌പിക്കെതിരെ അടൂർ പ്രകാശ് എംപി. എസ്‌പിയുടേത് അഴിമതി നിറഞ്ഞ ട്രാക്കാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കണം. ഡിവൈഎസ്‌പിയായിരുന്നപ്പോൾ ഇദ്ദേഹത്തെ തരംതാഴ്ത്തിയതാണെന്നും എംപി പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ എസ്‌പി നേരിട്ടാണ് ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫൈസൽ വധശ്രമക്കേസിൽ ഇടപെട്ടെന്ന ആരോപണവും അടൂർ പ്രകാശ് നിഷേധിച്ചു.
ആധുനികസൗകര്യങ്ങൾ ഉപയോഗിച്ച് തന്റെ കോൾ ലിസ്റ്റ് എടുത്ത് ആരോപണങ്ങൾ തെളിയിക്കാൻ ഇപി ജയരാജൻ തയ്യാറാവണം. ഫൈസൽ വധശ്രമ കേസിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഉണ്ടായിട്ടില്ല. പൊലിസിനെ നിയന്ത്രിക്കുന്ന സർക്കാർ അന്വേഷണം കൃത്യമായി നടത്തട്ടെ. പൊലീസ് പലപ്പോഴും കോൺഗ്രസ് പ്രവർത്തകരുടെ കേസുകളിൽ നീതിപൂർവം ഇടപെടുന്നില്ല. അതുകൊണ്ടാണ് ഇടപെടലുകൾ നടത്തുന്നത്. എംപി എന്ന നിലയിൽ അവശ്യവുമായി വരുന്ന ആളുകൾക്ക് വേണ്ടി ഇടപെടും.
സിപിഎം തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുകയാണ്. കേസിൽ സിബിഐ അന്വേഷണം സംസ്ഥാന സർക്കാർ പ്രഖ്യാപിക്കട്ടെ. കൊലപാതകം നടന്ന ദിവസം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം അർധരാതിയിൽ പൊലീസ് സ്റ്റേഷനിൽ എത്തി. രാതി 2.45 ന് ഷെഹീന്റെ മൊഴി എടുക്കുന്നതിനിടയിലാണ് എത്തിയത്. മൊഴി എടുക്കുന്നതിനിടയിൽ റഹിം നിർദേശങ്ങൾ നൽകി. കേസിലുൾപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ ന്യായീകരിക്കുന്നില്ല. കുറ്റക്കാർക്കെതിരെ നടപടി വേണം. കേസിന്റെ സത്യസ്ഥ തെളിയിക്കണം. ഡി.കെ.മുരളി എംഎൽഎയുടെ മകനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. അറസ്റ്റിലായവർക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam