പാർലമെന്റിലെ  പ്രതിപക്ഷ ബഹളത്തിൽ കർശന നടപടിക്ക്  ഉപരാഷ്ട്രപതി, നിയമവിദഗ്ധരെ കാണും

By Web TeamFirst Published Aug 14, 2021, 9:32 AM IST
Highlights

വിഷയം ചർച്ച ചെയ്യാനായി അദ്ദേഹം ഇന്ന് നിയമവിദഗ്ധരെ കാണും. മുൻ സെക്രട്ടറി ജനറൽമാരുമായും കഴിഞ്ഞ ദിവസം നായിഡു ചർച്ച നടത്തിയിരുന്നു. 

ദില്ലി: രാജ്യസഭയിലെ ബഹളത്തിൽ കർശന നടപടി ആലോചിച്ച് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു. സമിതി രൂപീകരിച്ച് അംഗങ്ങൾക്കെതിരായ നടപടി തീരുമാനിക്കാനാണ് ആലോചന. രാജ്യസഭയിലെ ബഹളം എത്തിക്സ് കമ്മിറ്റി പരിശോധിക്കുമോ എന്ന കാര്യം ഇന്നലെ വ്യക്തമായിരുന്നില്ല. സമിതിയുടെ യോഗത്തിൽ ഇത് ചർച്ചയായില്ല. പ്രിവിലേജസ് കമ്മിറ്റിക്ക് വിഷയം വിടുമെന്ന സൂചനയും പുറത്തു വന്നിരുന്നു. എന്നാൽ മാർഷൽമാരുടെ പരാതി പ്രത്യേക സമിതിക്ക് കൈമാറാനാണ് ഇപ്പോൾ ആലോചന നടക്കുന്നത്. മുൻ സെക്രട്ടറി ജനറൽമാരായ വികെ അഗ്നിഹോത്രി, സുഭാഷ് കാശ്യപ് എന്നിവരെ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു കണ്ടു. നിയമവിദഗ്ധരുമായും അദ്ധ്യക്ഷൻ ചർച്ച നടത്തുന്നുണ്ട്. 

എന്നാൽ മാർഷൽമാർ തയ്യാറാക്കിയ റിപ്പോർട്ട് വാസ്തവവിരുദ്ധമെന്ന് എളമരം കരീം പ്രതികരിച്ചു. ഏതന്വേഷണത്തിനും തയ്യാറെന്നും പാർലമെൻറിൽ ഭരണഘടന ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും എളമരം കരീം കൂട്ടിച്ചേർത്തു. യുപിഎ ഭരണകാലത്ത് ചോദ്യം ചോദിക്കാൻ എംപിമാർ കോഴ വാങ്ങിയെന്ന ആരോപണം സമിതി രൂപീകരിച്ചാണ് അന്വേഷിച്ചത്. അന്ന് ഒരു രാജ്യസഭ അംഗം ഉൾപ്പടെ പത്തു പേരെ പുറത്താക്കിയിരുന്നു. സമാന നിലപാട് ഇത്തരം സംഭവങ്ങളിൽ വേണം എന്നാണ് ഭരണപക്ഷത്തിൻറെ നിലപാട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!