
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നൽകിയതോടെ പ്രോസിക്യൂഷൻ വാദമാണ് നിലവിൽ തുടരുന്നത്. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിന്റെ വാദവും കോടതിയിൽ നടക്കും.
കേസിൻ്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്നതിനാൽ ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ പൂർത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017-ൽ കേരളത്തെ നടുക്കിയ ആക്രമണത്തിന് ശേഷം ദിലീപ് അടക്കമുള്ളവർ കേസിൽ പ്രതികളായിരുന്നു. കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും ഒന്നാം പ്രതിയായ പൾസർ സുനിയും ഇപ്പോൾ ജാമ്യത്തിലാണ്.
2024 സെപ്റ്റംബറിലാണ് കർശന വ്യവസ്ഥകളോടെ പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ, കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജി വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കൂടാതെ, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയ സംഭവം അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു.
വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു.
മറ്റൊരു സംഭവവികാസത്തിൽ, നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ, പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam