ചെന്നിത്തല പ്രതികരിക്കുന്നതിനിടെ വളഞ്ഞ് കോണ്‍ഗ്രസ് പ്രവർത്തകർ, ഇടപെടരുതെന്ന് ചെന്നിത്തല പറഞ്ഞിട്ടും കേട്ടില്ല; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റശ്രമം

Published : Dec 03, 2025, 01:10 PM IST
congress workers man handle journalists

Synopsis

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം. ഇടപെടരുത്, താൻ മറുപടി പറയുകയാണ് എന്നു ചെന്നിത്തല പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവർത്തകർ പിന്മാറിയില്ല.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം. കോൺഗ്രസ്‌ പ്രവർത്തകരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. പാലക്കാട്‌ കുത്തന്നൂരിൽ ആണ്‌ സംഭവം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് രമേശ് ചെന്നിത്തല മറുപടി നൽകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രകോപിതരായത്.

ശബരിമല സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കൂ എന്നു പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവർത്തകർ ചെന്നിത്തലയെ വളഞ്ഞത്. ഇടപെടരുത്, താൻ മറുപടി പറയുകയാണ് എന്നു ചെന്നിത്തല പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവർത്തകർ പിന്മാറിയില്ല. ചെന്നിത്തല പ്രതികരണത്തിന് ശേഷം പോയിട്ടും കോണ്‍ഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരോട് തട്ടിക്കയറുന്നത് തുടർന്നു.

രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം

മുൻ‌കൂർ ജാമ്യപേക്ഷയിൽ വിധി വന്ന ശേഷം രാഹുലിന്‍റെ കാര്യത്തിൽ കൂടുതൽ നടപടിയുണ്ടാകും എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇതു സംബന്ധിച്ച് നേതാക്കൾ കൂടിയാലോചന നടത്തും. കെപിസിസി നേതൃത്വം യുക്തമായ നടപടി എടുക്കും. പരാതി വരും മുമ്പ് തന്നെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതാണ്. ഇങ്ങനെ ഒരു നടപടി മറ്റേത് പാർട്ടി സ്വീകരിക്കുമെന്നും ചെന്നിത്തല ചോദിച്ചു. സിപിഎമ്മിന്റെ എത്ര എം എൽ എ മാർക്കെതിരെ കേസ് ഉണ്ട്? തീവ്രത അളക്കുകയാണ് സിപിഎം ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പടുത്തി.

നാളെ സതീശനും മുരളീധരനും വേണുഗോപാലും സണ്ണി ജോസഫും ഒക്കെ ഇത് നേരിടേണ്ടിവരുമെന്ന് ബിനോയ് വിശ്വം

രമേശ്‌ ചെന്നിത്തലയുടെ വാർത്താസമ്മേളനം കോൺഗ്രസ്‌ പ്രവർത്തകർ അലങ്കോലപ്പെടുത്തിയത് കോൺഗ്രസ്‌ നേതൃത്വം ഗൗരവം ആയി കാണണമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ആ ദൃശ്യങ്ങൾ പറയുന്നത് കോൺഗ്രസ്സിൽ മാഫിയ സംഘം ശക്തി പ്രാപിക്കുന്നു എന്നാണ്.കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി അംഗത്തെ പോലും പാർട്ടി പ്രവർത്തകർ അവർക്ക് ഇഷ്ടമല്ലാത്തത് പറയാൻ അനുവദിക്കുന്നില്ല.ഈ മാഫിയക്ക് എതിരെ കോൺഗ്രസ്‌ മൗനം പാലിക്കരുത്. രമേശ്‌ ചെന്നിത്തലക്കെതിരെ ആയത് കൊണ്ട് ഇന്നു നടന്നത് നല്ലത് എന്ന് വിചാരിക്കുന്ന ചിലർ ആ പാർട്ടിയിൽ ഉണ്ടാകും. അത് നാളെ സതീശനും മുരളീധരനും വേണുഗോപാലിനും സണ്ണി ജോസഫും ഒക്കെ നേരിടേണ്ടി വരും. ഇതാണ് ആ മാഫിയ സംഘത്തിന്‍റെ രീതിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആരാണ് കോൺഗ്രസ്‌ മാഫിയാ സംഘങ്ങളെ പോറ്റുന്നതെന്നും ആരാണ് കോൺഗ്രസിലെ മാഫിയ സംഘങ്ങൾക്ക് പണം നൽകുന്നതെന്നും ബിനോയ് വിശ്വം ചോദിക്കുന്നു. സിപിഐ സ്ത്രീകളെ മാനിക്കുന്ന പാർട്ടിയാണ്. പ്രണയം സംസ്കാരത്തിന് ഭാഗമാണെങ്കിലും പ്രണയത്തിൽ പരിശുദ്ധത ഉണ്ടാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കൾ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നാലെ കോൺഗ്രസിലെയും യുഡിഎഫിലെയും വനിതാ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്ത്. രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എംഎ എ സ്ഥാനം രാജിവയ്പ്പിക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് വനിതാ നേതാക്കളിൽ പലരും പരസ്യമായി പ്രകടിപ്പിച്ചത്. കെ കെ രമ എം എൽ എ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ, ദീപ്തി മേരി വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ എന്നിവർ രാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തി.

കൂടുതൽ നടപടി പ്രഖ്യാപിക്കാതെ കെപിസിസി പ്രസിഡന്റ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടി പ്രഖ്യാപിക്കാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫ് വ്യക്തമാക്കി. കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടി ക്രമങ്ങളുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു. നേരിട്ട് പരാതി ലഭിച്ചത് ഇന്നലെയാണ്. അതിൽ വ്യക്തത ഇല്ലായിരുന്നു. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു. കോൺഗ്രസ് പാർട്ടി നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം; രണ്ടു പേര്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്ക്
വൻ ട്വിസ്റ്റുകളും നാടകീയതയും നിറഞ്ഞ് മലബാറിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ്, എംബി രാജേഷിന്‍റെ പഞ്ചായത്ത് എൽഡിഎഫിന് നഷ്ടമായി