
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കുന്ന ലാബുകളുടെ കുറവ് തിരിച്ചടിയാകുന്നു. ഭക്ഷ്യസാധനങ്ങളില്‍ മായം കണ്ടെത്തിയതിന് ശേഷമുള്ള തുടര്‍ നടപടികളെ ലാബുകള്‍ കുറവ് ബാധിക്കുന്നതായി റീജിയണല്‍ ലാബുകളില്‍ നിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് വളരെക്കുറച്ച് പരിശോധനകൾ മാത്രമാണ് നടക്കുന്നത്. അതിൽ തന്നെ മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയാലും കേരളത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണെന്നാണ് വിവരാവകാശ രേഖകൾ തെളിയിക്കുന്നത്.
കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് 16 കാരിയായ ദേവനന്ദയ്ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്ലാത്തതാണ്. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പോലുമില്ലാത്ത കട ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും അത് കണ്ടെത്താന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഭക്ഷ്യസുരക്ഷാ വകുപ്പ് വളരെക്കുറച്ച് പരിശോധനകള്‍ ജില്ലകളിൽ നടത്തിയിട്ടുള്ളതെന്നാണ് വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നത്. മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ പിടിച്ചാല്‍ തന്നെ കുറ്റവാളികളെ ശിക്ഷിക്കുന്നത് വിരലിലെണ്ണാവുന്ന കേസുകളില്‍ മാത്രമാണെന്നും രേഖകൾ തെളിയിക്കുന്നു.
കുറ്റം കണ്ടെത്തിയാല്‍ തന്നെ പലരും തുച്ഛമായ പിഴയടച്ച് രക്ഷപ്പെടുന്ന സ്ഥിതിയുമുണ്ട്. മായം ചേര്‍ന്നെന്ന് കണ്ടെത്തി അത് റഫറല്‍ ലാബിലേക്ക് അയച്ചാല്‍ മായമില്ലെന്ന് കണ്ടെത്തുന്ന കേസുകളും നിരവധിയാണ്. അതിനിടയിലാണ് പരിശോധനകളെ തന്നെ ബാധിക്കുന്ന തലത്തിലേക്ക് പരിശോധനാ ലാബുകളുടെ കുറവുണ്ടെന്ന വിവരാവകാശ മറുപടിയും ലഭിക്കുന്നത്.
തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും റീജിയണല്‍ ഗവണ്‍മെന്‍റ് ലബോറട്ടറികളില്‍ നിന്നാണ് ലാബുകളുടെ കുറവ് തുടര്‍ നടപടികളെ ബാധിക്കുന്നുണ്ടെന്ന മറുപടി ലഭിച്ചത്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് പലപ്പോഴായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ ഇടയ്ക്കിടെ ചികില്‍സ തേടുന്നു. മതിയായ പരിശോധന നടത്താനോ മായം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാനോ നമ്മുടെ ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിയാത്തതതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
വീഡിയോ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam