
കൊച്ചി: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബത്തിനുള്ള നഷ്ടപരിഹാരമായി മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ സർക്കാർ കെട്ടിവെക്കാൻ ഹൈക്കോടതി നിർദേശം. 10 ദിവസത്തിനുള്ളിൽ തുക കെട്ടിവയ്ക്കണം എന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഏഴ് ലക്ഷം രൂപ നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി കോടതിയുടെ മുന്നിലാണ്. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ സർക്കാർ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വരുത്താൻ പൊലീസ് ധൃതിപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹതയായിരുന്നു. മരിച്ച സിദ്ധാർത്ഥന്‍റെ ദേഹത്ത് കണ്ട് മുറിവുകളും കോളേജ് അധികൃതരുടെ അസ്വാഭാവികമായി പെരുമാറ്റവും മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥന്‍റെ വീട്ടുകാർ പരാതി നല്‍കുന്നതില്‍ എത്തിച്ചു. കോളേജിലെ പൊതുദർശനത്തിന് വച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ കോളേജില്‍ വച്ച് ആംബുലൻസിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് അതിക്രൂരമായ റാഗിങിന് സിദ്ധാർത്ഥൻ ഇരയായെന്ന വിവരം വീട്ടുകാർ അറിയാൻ ഇടയാക്കിയത്.
പതിനാറാം തീയ്യതി മുതല്‍ എസ്എഫ്ഐ പ്രവർത്തകരടക്കമുള്ളവരില്‍ നിന്ന് പാറപ്പുറത്തും മുറിയിലും വച്ച് സിദ്ധാർത്ഥൻ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാർജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന വരുത്തി തീര്‍ക്കാൻ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോള്‍ പ്രതികളെ രക്ഷിക്കാൻ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്നിച്ചു. എസ്എഫ്ഐ പ്രവർത്തകരായ പ്രതികളെ സഹായിക്കുന്നതായിരുന്നു സർക്കാര്‍ നിലപാടുകള്‍. ഒടുവില്‍ സമ്മർദ്ദം ശക്തമായതോടെയാണ് കേസിൽ നടപടികള്‍ ഉണ്ടായത്.