ഇടുക്കി: ചർമ്മത്തിനടിയിൽ കടുത്ത വേദനയുള്ള മുഴകൾ ഉണ്ടാകുന്ന അപൂർവ രോഗം ചികിത്സിച്ച് ഭേദമാക്കാൻ പണമില്ലാതെ വിഷമിക്കുകയാണ് ഇടുക്കി നെടുംകണ്ടം സ്വദേശിയായ ഇരുപതുകാരൻ. നെടുംകണ്ടം ചക്കക്കാനം സ്വദേശിയും കോളേജ് വിദ്യാർത്ഥിയുമായ ആൽബൻറ് കെ ജോണിനാണ് ഈ ദുർഗ്ഗതി. ലോകത്ത് മൂന്ന് ശതമാനം പേർക്ക് മാത്രമാണ് ഈ അപൂര്‍വ രോഗം ഉണ്ടാകാറുള്ളതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കോളേജ് വിദ്യാർത്ഥിയായ ആൽബൻറിന് മൂന്നു വർഷം മുൻപ് ചെറിയൊരു തടിപ്പ് വന്നതോടെയാണ് അപൂർവ രോഗത്തിന് തുടക്കമായത്. ആദ്യം വല്യ കാര്യമായി എടുത്തില്ല. ഇതോടെ കക്ഷത്തിലും ഗുഹ്യഭാഗത്തും മുഴകളുണ്ടായി. പിന്നീടിത് ശരീരത്തിൽ പല ഭാഗത്തേക്കും വ്യാപിച്ചു. അസഹനീയമായ വേദന മൂലം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് ഈ രോഗാവസ്ഥയുണ്ടാക്കുന്നത്.
രണ്ടു കൈകളുടെ ഇടയിൽ നിന്നും രക്തവും പഴുപ്പുമടക്കം പുറത്തേക്ക് വരാൻ തുടങ്ങിയെന്നും വസ്ത്രം പോലും ധരിക്കാൻ ബുദ്ധിമുട്ടാണെന്നും ആൽബന്‍റ് കെ ജോണ്‍ പറഞ്ഞു. വരുമാനം തന്നെ ഇപ്പോള്‍ ഇല്ലാതായി. അതിനാൽ തന്നെ ചികിത്സ ഉള്‍പ്പെടെ പ്രതിസന്ധിയിലാണെന്നും ആൽബന്‍റ് പറഞ്ഞു.
പല തരത്തിലുള്ള ചികിത്സകൾ പരീക്ഷിച്ചെങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇപ്പോൾ പാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. രോഗം ബാധിച്ച ഭാഗത്തെ ത്വക്ക് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്ത ശേഷം ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നുമെടുത്ത് തുന്നിച്ചേർക്കുകയാണ് ചെയ്യുന്നത്.
പിതാവിന്‍റെ റേഷൻ കടയായിരുന്നു ഏക വരുമാന മാർഗ്ഗം. ചികിത്സക്കായി ലക്ഷങ്ങൾ ചെലവാക്കിയതോടെ കുടുംബം കടക്കെണിയിലായി. ആകെയുള്ള വീട് വിറ്റ് കടം വീട്ടാനുള്ള ശ്രമത്തിലാണിവർ. രോഗം ഭേദമായാൽ മാത്രമെ ആൽബൻറിന്‍റെ പഠനം പോലും തുടരാൻ കഴിയുകയുള്ളൂ. ചികിത്സ തുടരാനുള്ള ലക്ഷങ്ങൾ കണ്ടെത്താൻ സുമനസ്സുക്കൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആൽബൻറും കുടുംബവുമിപ്പോൾ.
ആൽബൻറിനെ സഹായിക്കാം, അക്കൗണ്ട് വിവരങ്ങൾ;
Account No : 57050633985
Name : - ROJAN K ANTONY
BANK : - STATE BANK OF INDIA, NEDUMKANDAM
IFSC CODE : - SBIN0070216
GOOGLE PAY: - 7902939152