സിദ്ധാര്‍ത്ഥന്റെ അമ്മാവനെ വിദ്യാര്‍ത്ഥി വിളിച്ചത് താൻ പറഞ്ഞിട്ട്, തന്റെ ജോലി സെക്യൂരിറ്റി സര്‍വീസല്ല: ഡീൻ

Published : Mar 03, 2024, 10:06 AM IST
സിദ്ധാര്‍ത്ഥന്റെ അമ്മാവനെ വിദ്യാര്‍ത്ഥി വിളിച്ചത് താൻ പറഞ്ഞിട്ട്, തന്റെ ജോലി സെക്യൂരിറ്റി സര്‍വീസല്ല: ഡീൻ

Synopsis

ഹോസ്റ്റലിൽ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി സെക്യൂരിറ്റി സര്‍വീസ് നടത്തുകയല്ല. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തിയെന്നും ഡീൻ

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് ഡീൻ എം.കെ നാരായണൻ. ഡീൻ വാർഡൻ കൂടിയാണ്. എന്നാൽ വാർഡൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്. അവിടെ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. വാർഡൻ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നയാളല്ല. തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സര്‍വകലാശാലയിലെ ഹോസ്റ്റലിൽ ഇതുവരെ പ്രശ്നം ഉണ്ടായിട്ടില്ലെന്ന് ഡീൻ പറഞ്ഞു. സെക്യൂരിറ്റി പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. ഫെബ്രു 18 നാണ് സിദ്ധാര്‍ത്ഥൻ ആത്മഹത്യ ചെയ്തത്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് അസിസ്റ്റന്റ് വാര്‍ഡൻ കുട്ടികളെ കൊണ്ടുപോയിരിക്കുകയായിരുന്നു. അദ്ദേഹം കോഴിക്കോട് നിന്ന് വിളിച്ചുപറഞ്ഞാണ് ആത്മഹത്യാ ശ്രമം നടന്നെന്ന് അറിഞ്ഞത്. പത്ത് മിനിട്ടിൽ താൻ അവിടേക്ക് എത്തി. കുട്ടികൾ പൊലീസിനെയും ആംബുലൻസിനെയും അറിയിച്ച് കാത്തിരിക്കുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചാണ് അവര്‍ മുറിയിൽ കയറിയതെന്ന് പറഞ്ഞു. ജീവനുണ്ടെങ്കിൽ രക്ഷിക്കണം എന്ന് കരുതിയാണ് ആംബുലൻസ് എത്തിയ ഉടൻ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഹോസ്റ്റലിൽ 120 ഓളം കുട്ടികളുണ്ട്. അവരാരും ഇതേക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഹോസ്റ്റലിൽ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി സെക്യൂരിറ്റി സര്‍വീസ് നടത്തുകയല്ല. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തി. ആരെങ്കിലും വിവരം പറയാതെ തനിക്ക് അറിയാൻ കഴിയില്ല. ആരും പറയാത്തത് കൊണ്ടാണ് മര്‍ദ്ദനം നടന്നത് അറിയാതിരുന്നത്. താൻ ഒരു കുട്ടിയുടെ വാഹനത്തിൽ ആംബുലൻസിന് പുറകെ ആശുപത്രിയിൽ പോയി. വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയ ഉടൻ മരണം സ്ഥിരീകരിച്ചു. മരണം സ്ഥിരീകരിച്ച് 10 മിനിറ്റിൽ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തന്റെ നിര്‍ദ്ദേശപ്രകാരം തന്റെ തന്നെ വിദ്യാര്‍ത്ഥിയായ കൃഷ്ണകാന്താണ് സിദ്ധാര്‍ത്ഥന്റെ അമ്മാവനെ വിളിച്ചത്. സിദ്ധാര്‍ത്ഥന്റെ അഡ്‌മിഷൻ ആവശ്യത്തിന് എത്തിയപ്പോൾ അമ്മാവനുമായി പരിചയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണകാന്ത്.

നേരത്തേ സജിൻ മുഹമ്മദ് എന്ന വിദ്യാര്‍ത്ഥി അപകടത്തിൽ പെട്ട് ഐസിയുവിൽ ആയിരുന്നു. ഉടനെ താൻ കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് മിംസ് ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അവര്‍ പുറപ്പെട്ട് പാതിവഴിയായപ്പോൾ കുട്ടി മരിച്ചു. മരണവിവരം താൻ വീണ്ടും കുട്ടിയുടെ അച്ഛനെ വിളിച്ച് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മയെ ബന്ധുവീട്ടിലാക്കിയ ശേഷമായിരുന്നു പിന്നീട് അച്ഛൻ അടക്കമുള്ളവര്‍ യാത്ര തുടര്‍ന്നത്. എന്നാൽ അമ്മ ബന്ധുവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കി. ആ അനുഭവം തനിക്കുണ്ട്. അതിനാലാണ് ഇതിലൊരു വീഴ്ച വരാതിരിക്കാൻ അടുപ്പമുള്ള ആളെ കൊണ്ട് വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. ഇങ്ങനെ തന്നെയാണ് മരണം അറിയിക്കുക. ഇതൊക്കെ മാനുഷിക പരിഗണനയുടെ കാര്യമാണ്. ഇതെല്ലാം ഡീൻ ചെയ്യണമെന്ന് വാശിപിടിക്കുകയല്ല വേണ്ടതെന്നും നാരായണൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശം തിരുവനന്തപുരത്ത്, നിയമസഭാ തെരഞ്ഞെടുപ്പിലോ? സുരേഷ് ഗോപിയോട് മന്ത്രി കെ രാജൻ
മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല; 'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ'