കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിനും കേസെടുക്കാം; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

Published : Aug 06, 2023, 01:04 PM ISTUpdated : Aug 06, 2023, 01:06 PM IST
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിനും കേസെടുക്കാം; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

Synopsis

തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിർമ്മാണ അഴിമതിയിൽ പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 

തിരുവനന്തപുരം:  അഴിമതി നിരോധന നിയമ പ്രകാരം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി. കേന്ദ്ര ഏജൻസിയായ സിബിഐയ്ക്ക് മാത്രമേ  അന്വേഷണത്തിന് അധികാരമുള്ളൂവെന്ന വാദം തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന വിജിലൻസ് മാനുവൽ കേസ് അന്വേഷണത്തിനുള്ള മാർഗ നിർദ്ദേശം മാത്രമാണെന്നും നിയമത്തിന് വിരുദ്ധമായ പരാമർശം മാനുവലിൽ പാടില്ലെന്നും സിംഗിൾ ബ‌ഞ്ച് ഉത്തരവിലുണ്ട്.

തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിർമ്മാണ അഴിമതിയിൽ പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കേന്ദ്ര സർക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥർ അഴിമതി നടത്തിയാൽ കേസ് എടുക്കാൻ  വിജിലൻസ് മാനുവലിൽ പറയുന്നില്ലെന്നും സിബിഐയെ അറിയിക്കുകയാണ് വേണ്ടതെന്നും  വ്യക്തമാക്കിയായിരുന്നു വിചാരണ കോടതി  പ്രതികളെ ഒഴിവാക്കിയത്.

എന്നാൽ വിജിലൻസ് മാനുവൽ കേസ് അന്വേഷണത്തിനുള്ള മാർഗരേഖ മാത്രമാണെന്നും നിയമത്തിന് വിരുദ്ധമായ പരമാർശം മാനുവലിൽ പാടില്ലെന്നും  ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. സംസ്ഥാന പരിധിയിൽ ജോലി ചെയ്യുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അഴിമതി നടത്തിയാൽ അഴിമതി നിരോധന നിയമ പ്രകാരവും അതുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും വിജിലൻസിന് കേസ് എടുക്കാനും അന്വേഷണം നടത്തി കുറ്റപത്രം നൽകാനും കഴിയുമെന്ന് സിംഗിൾ ബ‌ഞ്ച് ഉത്തരവിട്ടു.

ഇതുമായി ബന്ധപ്പെട്ട് 2016 ൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും പുതിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. തലയോലപ്പറമ്പ് അഴിമതി കേസിൽ രണ്ട് മുതൽ നാല് വരെയുള്ള പ്രതികളെ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പ്രതികളോട് വിചാരണ നേരിടാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഗ്രാമസേവികയുമായി ചേർന്ന്  നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥർ ഒരുലക്ഷത്തി എൺപത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിലാണ് വിജിലൻസ് അഴിമതി നിരോധന നിയമ പ്രകാരം ഉദ്യോഗസ്ഥരെ പ്രതിയാക്കിയത്.

സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെ; ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സാബു ജേക്കബ്
ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും