
കൊച്ചി: ഇ. ഡി. ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിലെ മൂന്ന് പ്രതികൾക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. പ്രതികളായ വിൽസൺ വർഗ്ഗീസ്, മുകേഷ്, രഞ്ജിത്ത് വാര്യർ എന്നിവർക്കാണ് ജാമ്യം കിട്ടിയത്. മൂവരെയും കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. മൂന്നുദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന വിജിലൻസ് സംഘത്തിൻ്റെ ആവശ്യം തളളിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. മൂന്നുപേരും അടുത്ത ഒരാഴ്ച ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും പിന്നീട് എപ്പോൾ വിളിപ്പിച്ചാലും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് പ്രതികളുടെ അറസ്റ്റെന്ന വാദം കോടതി മുഖവിലക്കെടുത്തെന്ന് പ്രതികളുടെ അഭിഭാഷകർ പ്രതികരിച്ചു.