
കൊച്ചി: ദൈവത്തിന്‍റെ കൃപ കൊണ്ട് മാത്രമാണ് പാലാരിവട്ടം മേൽപ്പാലം തകർന്ന് വീഴാതിരുന്നതെന്ന് റൂർക്കി ഐഐടിയിലെ വിദഗ്ധൻ ഭൂപീന്ദർ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിജിലൻസ് സംഘത്തിന്‍റെ ആവശ്യപ്രകാരം ബലക്ഷയം നിർണയിക്കാനുള്ള പരിശോധനകൾക്കായി പാലാരിവട്ടം മേൽപ്പാലം സന്ദർശിച്ച ശേഷമായിരുന്നു ഇന്ത്യൻ റോഡ് കോൺഗ്രസ് പ്രതിനിധിയുടെ പ്രതികരണം.
മേൽപ്പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ദേശീയപാത വിഭാഗം എഞ്ചിനീയർമാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യൻ റോഡ് കോൺഗ്രസിന്‍റെ സഹായം വിജിലൻസ് തേടിയിരുന്നു. ഇതനുസരിച്ചാണ് റോഡ്സ് കോൺഗ്രസ് അംഗമായ പ്രൊഫസർ ഭൂപീന്ദർ സിംഗ് പാലം പരിശോധിക്കാനെത്തിയത്.
റൂർക്കി സംഘത്തിന്‍റെ കൂടി നിർദ്ദേശങ്ങൾക്കനുസരിച്ചാകും വിജിലൻസ് തുടർ പരിശോധനകൾ നടത്തുക. പാലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് ബലക്ഷയം കൃത്യമായി നിർണയിക്കാനാണ് വിജിലൻസിന്‍റെ തീരുമാനം. ഇതിനായി ചൊവ്വാഴ്ച സാമ്പിളുകൾ ശേഖരിക്കും.
കഴിഞ്ഞയാഴ്ച പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നിർമാണത്തിലെ പാളിച്ചകൾ കണ്ടെത്താൻ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിലെ എഞ്ചിനീയർമാരും തൃശൂർ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർമാരും വിജിലൻസ് എഞ്ചിനീയറും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ബലക്ഷയം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനായിരുന്നു അന്നത്തെ പരിശോധന.
ദേശീയപാത എഞ്ചിനീയർമാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യൻ റോഡ് കോൺഗ്രസ്സിൽ നിന്നും വിദഗ്ധരുടെ ഉപദേശം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും വിജിലൻസ് ഡിവൈഎസ്പി അശോക് കുമാർ പറഞ്ഞിരുന്നു. പാലത്തിന്‍റെ ഡിസൈൻ, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് അന്ന് വിജിലൻസ് സംഘം പാലം സന്ദർശിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam