
തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിലെ കൈക്കൂലിയും അഴിമതിയും ചെറുക്കാൻ ഊർജ്ജസ്വലരായി പ്രവർത്തിക്കണമെന്ന് വിജിലൻസ് ഡയറക്ടർ. വിജിലൻസ് ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയത്. അഴിമതിക്കാരെ കൈയോടെ പിടികൂടുകയെന്ന ലക്ഷ്യം മുൻനിർത്തി കൈക്കൂലിക്കാരായ 200 ഓളം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കി. വിജിലൻസ് ഇൻ്റലിജൻസ് വിഭാഗമാണ് പട്ടിക തയ്യാറാക്കിയത്.
പട്ടികയിൽ ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ റവന്യൂ വകുപ്പിൽ നിന്നാണ്. ഈ ഉദ്യോഗസ്ഥരെ നിരന്തരമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശത്തിൽ വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടു. ഇവരെ കുരുക്കാൻ മാസത്തിൽ ഒരു ട്രാപ്പെങ്കിലും ഒരുക്കണമെന്നാണ് വിജിലൻസ് എസ്‌പിമാരോട് ആവശ്യപ്പെട്ടത്. അതിനായി ജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒപ്പം വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം മാസം തോറും വിലയിരുത്താനും തീരുമാനമുണ്ട്. വിജിലൻസ് ഡിഐജിക്കാണ് ഇതിൻ്റെ ചുമതല. പ്രവർത്തനം മോശമായവരെ മാതൃ സേനയിലേക്ക് മടക്കുമെന്നും ഡയറക്ടർ യോഗേഷ് ഗുപ്തയുടെ മുന്നറിയിപ്പിൽ പറയുന്നു. ഒന്നര വർഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകൾ വിജിലൻസിലുണ്ടെന്നും വിജിലൻസ് ഡയറക്ടർ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam