പ്രിയ, റിയ എസ്റ്റേറ്റ് വിവാദം: കൊല്ലം ജില്ലാ കളക്ടർക്കെതിരെ വിജിലൻസ് അന്വേഷണം

By Web TeamFirst Published Mar 6, 2019, 9:11 AM IST
Highlights

സർക്കാർ നിലപാടിന് വിരുദ്ധമായാണ് പ്രിയ, റിയ എസ്റ്റേറുകളിൽ നിന്ന് കരം സ്വീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.

കൊല്ലം: പ്രിയ, റിയ എസ്റ്റേറ്റുകളിൽ നിന്ന് കരം സ്വീകരിച്ച നടപടിയിൽ കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരെ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണം. കൊല്ലം ജില്ലാ കളക്ടർ അനാവശ്യ തിടുക്കം കാട്ടിയെന്ന പരാതിയില്‍ വിജിലൻസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തുക. സർക്കാർ നിലപാടിന് വിരുദ്ധമായാണ് പ്രിയ, റിയ എസ്റ്റേറുകളിൽ നിന്ന് കരം സ്വീകരിച്ചതെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുകൊണ്ടുവന്നത്.. 

ജനുവരി അഞ്ച്, ഫെബ്രുവരി പത്ത് തീയതികളിലായിട്ടാണ് റിയ, പ്രിയ എസ്റ്റേറ്റിന്‍റെ കൈവശമുളള ഭൂമിയുടെ കരം സ്വീകരിച്ചത്. കൊല്ലം തെന്‍മലയിലെ റിയ എസ്റ്റേറ്റിന്‍റെ കൈവശമുളള 83.32 ഹെക്ടര്‍ ഭൂമിയുടെ നികുതി തെന്‍മല വില്ലേജ് ഓഫീസറാണ് സ്വീകരിച്ചത്.

റിയ എസ്റ്റേറ്റിന്‍റെ ഭൂനികുതി സ്വീകരിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഉപാധികളോടെ മാത്രമെ നികുതി സ്വീകരിക്കാനാകൂ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ നിലപാട്. റിയാ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച നടപടിയിൽ കൊല്ലം ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

Also Read: റിയാ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി റിപ്പോർട്ട് തേടി

ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതിയാണ് പ്രിയ എസ്റ്റേറ്റിന്‍റെ 500 ഏക്കറില്‍ ആര്യങ്കാവ് വില്ലേജ് ഓഫീസര്‍ കരം ഒടുക്കിക്കൊടുത്തത്. 11 ലക്ഷം രൂപ ഈടാക്കിയായിരുന്നു കരം ഒടുക്കി നൽകിയത്. ഫെബ്രുവരി18 നാണ് പ്രിയ എസ്റ്റേറ്റ് അധികൃതര്‍ കളക്ടര്‍ക്ക് കരം അടയ്ക്കുന്നതിന് അപേക്ഷ നല്‍കിയത്.

വെറും ഒരു ദിവസം കൊണ്ട് വിവാദ ഭൂമിയില്‍ കരം ഒടുക്കിക്കൊടുക്കാൻ കളക്ടര്‍ നി‌ർദേശം നല്‍കിയെന്നാണ് വിവരം. തഹസില്‍ദാരുടെ കുറിപ്പോടെ വില്ലേജ് ഓഫീസര്‍ കരം ഒടുക്കുകയായിരുന്നു.

പ്രിയ എസ്റ്റേറ്റിന് കരം ഒടുക്കിയ നടപടിയില്‍ വില്ലേജ് ഓഫീസറെ ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കമെന്നും ആരോപണമുയർന്നിരുന്നു. കളക്ടര്‍ പറഞ്ഞിട്ടാണ് പ്രിയ എസ്റ്റേറ്റിന് കരം ഒടുക്കി നല്‍കിയതെന്ന് വില്ലേജ് ഓഫീസര്‍ വെളിപ്പെടുത്തി.

Also Read: പ്രിയ എസ്റ്റേറ്റിന് അനധികൃതമായി കരം ഒടുക്കി നൽകിയ നടപടി; ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം

click me!