കൊല്ലം: റിയാ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച നടപടിയിൽ കൊല്ലം ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. കരം അടച്ച് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. കരം സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നില്ലെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ തീരുമാനത്തിന് വിരുദ്ധമായി റിയ എസ്റ്റേറ്റിൽ നിന്നും തെൻമല വില്ലേജ് ഓഫീസർ കരം സ്വീകരിച്ചത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് കൊല്ലം തെന്‍മലയിലെ റിയ എസ്റ്റേറ്റിന്‍റെ കൈവശമുളള 83.32 ഹെക്ടര്‍ ഭൂമിയുടെ നികുതി തെന്‍മല വില്ലേജ് ഓഫീസര്‍ സ്വീകരിച്ചത്. റിയ എസ്റ്റേറ്റിന്‍രെ ഭൂനികുതി സ്വീകരിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഉപാധികളോടെ മാത്രമെ നികുതി സ്വീകരിക്കാനാകൂ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ നിലപാട്. 

കഴി‍ഞ്ഞ മന്ത്രിസഭയില്‍ വിഷയം വന്നെങ്കിലും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. ഇത്തരമൊരു വിഷയത്തിലാണ് റവന്യൂ വകുപ്പിന്‍റെ നിലപാടിന് വിരുദ്ധമായി ഏകപക്ഷിയമായി നികുതിയടുക്കാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചത്. നേരത്തെ, റിയ എസ്റ്റേറ്റില്‍ നിന്ന് ഉപാധികളില്ലാതെ നികുതി സ്വീകരിക്കണമെന്ന നിയമോപദേശമായിരുന്നു എജിയും നിയമ സെക്രട്ടറിയും സര്‍ക്കാരിന് നല്‍കിയത്. 

ഈ നിയമോപദേശത്തിന്‍റെ പിന്‍ബലത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. നികുതി സ്വീകരിച്ചിതിനു പിന്നാലെ ഭൂമിയില്‍ നിന്ന് മരം മുറിയും വന്‍ തോതില്‍ ആരംഭിച്ചു. റിയയുടെ ഭൂനികുതി സ്വീകരിച്ചതോടെ ഹാരിസണില്‍ നിന്ന് ഭൂമി വാങ്ങിയ മറ്റു തോട്ടങ്ങളും ഇതേ വാദവുമായി രംഗത്തെത്തും. റിയയുടെ കരം സ്വീകരിച്ചതിനെതിരെ കിഴക്കൻ മേഖലാ പ്ലാന്‍റേഷൻ വര്‍ക്കേഴ്സ് യൂണിയൻ നല്‍കിയ റിവിഷൻ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.