
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാർശയിൽ ഇന്ന് തീരുമാന മുണ്ടായേക്കും. ഡിജിപിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ദില്ലിയിലായിരുന്ന മുഖ്യമന്ത്രി ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അൻവറിൻ്റെ ആരോപണങ്ങളാണ് വിജിലൻസിന് കൈമാറണമെന്ന് ഡിജിപി ശുപാർശ ചെയ്തത്. സർക്കാരിന് കൈമാറിയ ശുപാർശയിൽ ഇതേവരെ നടപടിയെടുത്തുരുന്നില്ല.
അതേസമയം, ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖയടക്കം പുറത്ത് വിട്ട് വെല്ലുവിളിച്ച പിവി അൻവറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങൾ ചോർന്ന് കിട്ടിയ സംഭവത്തിൽ ഇന്റലിജൻസിനോട് വിശദമായ റിപ്പോർട്ട് തേടി ഡിജിപി. പൊലീസിലെ വിവരങ്ങൾ ചോർത്തി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. രഹസ്യങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്. അൻവറിന് ഉപദേശം നൽകുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിലുണ്ട്.
ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖ പുറത്ത് വിട്ട് പൊലീസിനെ വെല്ലുവിളിച്ചിട്ടും പി.വി.അൻവറിനെതിരെ പൊലീസ് ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി റിപ്പോർട്ടാണ് അൻവർ ഫെയ്സ് ബുക്കിലിട്ടത്. ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ രഹസ്യ രേഖ ചോർന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് മൗനമാണ്.
നേരത്തെ താൻ ഫോണ്‍ ചോർത്തിയതായി അൻവർ തന്നെയാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. പൊലീസ് ഇതിൽ അനങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാത്തെ രഹസ്യരേഖ പുറത്തുവിട്ടത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ആർഎസ്എസ് അനുഭാവികളായ പൊലീസ് അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ട് അൻവർ ആരോപിച്ചത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷാജി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോർട്ടാണ് ചോർന്നത്. പൊലീസുകാർ ഉപയോഗിക്കുന്ന അയാപ്സ് സോഫ്റ്റ്വർ വഴി തിരുവനന്തപുരം പേട്ടയിലുള്ള ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്നും ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ രഹസ്യ രേഖയാണ് ചോർന്നത്. വാർത്താ സമ്മേളനത്തിൽ റിപ്പോർട്ട് പുറത്തുവിട്ട ശേഷം സ്വന്തം ഫെയ്സ് ബുക്ക് പേജിലുമിട്ടു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam