പൊലീസിനെതിരെ കസ്റ്റംസ്; അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടുന്നു, ഡിജിപിക്ക് പരാതി നൽകി കസ്റ്റംസ് ചീഫ് കമ്മീഷണര്‍

Published : Feb 02, 2025, 07:26 AM ISTUpdated : Feb 02, 2025, 12:26 PM IST
പൊലീസിനെതിരെ കസ്റ്റംസ്; അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടുന്നു, ഡിജിപിക്ക് പരാതി നൽകി കസ്റ്റംസ് ചീഫ് കമ്മീഷണര്‍

Synopsis

അന്വേഷണത്തിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി. അതൃപ്തിയറിയിച്ച് ചീഫ് കസ്റ്റംസ്  കമ്മീഷണര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചു

തിരുവനന്തപുരം: അന്വേഷണത്തിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി. കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ വീട്ടിലും ക്വാർട്ടേഴ്സിലും റെയ്ഡ് നടത്തിയതിൽ സംസ്ഥാന പൊലീസ് മേധാവിയെ അതൃപ്തി അറിയിച്ച് ചീഫ് കസ്റ്റംസ് കമ്മീഷണർ കത്തയച്ചു. തെളിവുകളില്ലാതെ നിരന്തരമായി കസ്റ്റംസ് ഉദ്യോഗസ്ഥനെ വേട്ടയാടുകയാണെന്നാണ് കഴിഞ്ഞ മാസം 27ന് ചീഫ് കസ്റ്റംസ് കമ്മീഷണർ മനോജ് കെ.അറോറ നൽകിയ കത്തിൽ പറയുന്നത്.

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ കടത്തുമായി ബന്ധപ്പെട്ട് വിജിലൻസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കത്ത്. എന്നാൽ, നിയമപ്രകാരമുള്ള നടപടികള്‍ മാത്രമാണ് കൈകൊണ്ടതെന്ന നിലപാടിലാണ് വിജിലൻസ്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ കടത്ത് കേസിലാണ് സിഐഎസ്എഫ് അസി.കമാന്‍‍ഡന്‍റ് നവീൻ കുമാർ, കസ്റ്റംസ് ഇൻസ്പെക്ടർ സന്ദീപ് നെയ്, ഗ്രൗണ്ട് ഹൗൻഡിലിംഗ് സ്റ്റാഫായിരുന്ന ഷറഫലി എന്നിവരുടെ വീടുകളിലും ക്വാർട്ടേഴ്സിലുമെല്ലാം ഓഫീസിൽ പരിശോധന നടത്തിയത്. സന്ദീപിന്‍റെ ഹരിയാനയിലെ കൈത്തലയിലെ വീട്ടിലും കോഴിക്കോട് ക്വാർട്ടേഴ്സിലും വിജിലൻസ് പരിശോധന നടത്തി.

2023ൽ ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപിനെ പ്രതിചേർത്തിട്ടില്ല. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കൊണ്ടോട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വിജിലൻസിന് കൈമാറിയിരുന്നു. സ്വർണ കടത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായ സന്ദീപ് കമ്മീഷൻ കൈപ്പറ്റുന്നവെന്ന വിവരത്തിലാണ് കോടതിയിൽ നിന്നും സെര്‍ച്ച് വാറണ്ട് വാങ്ങി വിജിലൻസ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം 18നായിരുന്നു പരിശോധന. 2023 ഒക്ടോബർ 12നും 21നും  പൊലീസും ക്വാർട്ടേഴ്സിൽ പരിശോധന നടത്തിയിരുന്നു. പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു.

തുടർച്ചയായുള്ള പരിശോധനകളിലാണ് ചീഫ് കസ്റ്റംസ് കമ്മീഷണർ നീരസം അറിയിച്ചത്. എന്നാൽ, സന്ദീപിനെ ഇതുവരെ പ്രതിചേർത്തിട്ടില്ലെന്നും ചില ഇല്ക്ട്രോണിക് ഉപകരണങ്ങള്‍ എടുത്തുകൊണ്ടുപോയതല്ലാതെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് കത്തിൽ ചൂണ്ടികാണിക്കുന്നത്. ഉദ്യോഗസ്ഥനെയും ബന്ധുക്കളെയും മാനസികമായി പൊലീസ് പീഡിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താൻ കമ്മീഷണറുടെ അനുമതി തേടിയില്ലെന്നും പരാതിയായി കത്തിൽ ഉന്നയിക്കുന്നുണ്ട്. പരസ്പരം ബഹുമാനവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നാണ് ചീഫ് കമ്മീഷണർ മനോജ് .കെ. അറോറ സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ മാസം 27ന് നൽകിയ കത്തിൽ പറയുന്നത്.

വിജിലൻസ് നടത്തിയ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയതിനാൽ ഇതിനോട് പൊലീസ് ഉദ്യോഗസ്ഥരും പ്രതികരിച്ചിട്ടില്ല. അതേ സമയം കത്തിലെ ആരോപണങ്ങള്‍ വിജിലൻസ് തള്ളുകയാണ്. അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് വിജിലൻസ് വ്യക്തമാക്കി. കോടതിയിൽ നിന്നും സെർച്ച് വാറണ്ട് വാങ്ങി നിയമനടപടികള്‍ പൂർത്തിയാക്കിയാണ് അന്വേഷണം സംഘം പരിശോധന നടത്തിയതെന്നു, അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ ഏത് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താൻ വിജിലൻസിന് അധികാരമുണ്ടെന്നും അധികൃതർ പറയുന്നു. 

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ ജോലിയിലും അലംഭാവം; പൊലീസിന് വാങ്ങി നൽകിയ പുത്തൻ സ്പീഡ് ബോട്ട് കട്ടപ്പുറത്ത്

 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി