
പാലക്കാട്: കണ്ണമ്പ്ര ബാങ്ക് ഭൂമിയിടപാടിൽ ആരോപണവിധേയനായ മുൻ സിപിഎം നേതാവിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. കണ്ണമ്പ്ര ബാങ്കിന്റെ ഓണററി സെക്രട്ടറിയായിരുന്ന ആർ.സുരേന്ദ്രന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കൊച്ചിയിൽ നിന്നുള്ള വിജിലൻസ് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായി ഭൂമി വാങ്ങിയതിൽ മൂന്നരക്കോടി രൂപയുടെ അഴിമതി നടന്നതായി സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള കണ്ണമ്പ്ര പാപ് കോസ് റൈസ് മില്ലിനായി സ്ഥലമേറ്റെടുത്തതിനെ ചൊല്ലിയായിരുന്നു വിവാദം. ഏക്കറിന് 15 ലക്ഷം മാത്രം വിലയുള്ള സ്ഥലത്തിന് 23.5 ലക്ഷം നൽകിയെന്നായിരുന്നു ആരോപണം. തുടർന്നാണ് പാർട്ടി അന്വേഷണ കമ്മീഷനെ വച്ചത്. കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സി.കെ.ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. ചാമുണ്ണിയുടെ ബന്ധുവും സംഘത്തിന്റെ ഓണററി സെക്രട്ടറിയുമായിരുന്ന ആർസുരേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കാക്കുകയും ചെയ്തു. സംഭവത്തിൽ മുൻ മന്ത്രി എ.കെ.ബാലനെതിരെയും ആരോപണം ഉയർന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam