വിരമിക്കാൻ ഒരു മാസം: ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു, സസ്പെൻഷന് സാധ്യത

By Web TeamFirst Published Apr 18, 2020, 12:05 AM IST
Highlights

കേസ് രജിസ്റ്റർ ചെയ്തതോടെ ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യാനും വഴിയൊരുങ്ങുകയാണ്. ഇത് അദ്ദേഹത്തിന്‍റെ വിരമിക്കല്‍ ആനുകൂല്യത്തെ ബാധിച്ചേക്കും. 

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ക്രൈംബ്രാഞ്ച് നാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആർ കൈമാറും. കേസന്വേഷണം ക്രൈംബ്രാ‍ഞ്ച് വിജിലൻസിന് കൈമാറും. വിരമിക്കാന്‍ ഒരുമാസം ബാക്കി നില്‍ക്കെയാണ് ജോക്കബ് തോമസിനെതിരായ നടപടി.

ജേക്കബ് തോമസിന്‍റെ തമിഴ്‍നാട്ടിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് ഡയറക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേശമാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി കേസടുക്കാന്‍ അനുമതി നല്‍കിയത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ക്രൈം ബ്രാഞ്ച് നാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആർ കൈമാറും. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയം താലൂക്കില്‍ 2001 നവംബര്‍ 15-നാണ് 50.33 ഏക്കര്‍ ഭൂമി ഇടപാട് രജിസ്റ്റര്‍ ചെയ്തത്.  ഇത് സർക്കാർ രേഖകളിൽ ജേക്കബ് തോമസ് കാണിച്ചിരുന്നില്ല

ഇതിന്‍റെ അടിസ്ഥാനത്തിൽ ബിനാമി സ്വത്തിടപാട് ആണെന്ന് കാട്ടി ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. ജേക്കബ് തോമസ് ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി. എന്നാല്‍,സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിൽ ജേക്കബ് തോമസ് ഈ ഭൂമി ഇടപാട് സമ്മതിച്ചിട്ടുണ്ട്. അതിനാൽ ഇത് ബിനാമി ഇടപാടല്ലെന്നും അനധികൃത സ്വത്ത് സമ്പാദനകേസായി കാണാം എന്നുമായിരുന്നു ക്രൈം ബ്രാഞ്ച് ശുപാർശ. മാത്രമല്ല, വാര്‍ഷിക സ്വത്ത് വിവര റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസ് ഇത് മറച്ചുവക്കുകയും ചെയ്തു, കേസ് രജിസ്റ്റർ ചെയ്തതോടെ ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യാനും വഴിയൊരുങ്ങുകയാണ്. ഇത് അദ്ദേഹത്തിന്‍റെ വിരമിക്കല്‍ ആനുകൂല്യത്തെ ബാധിച്ചേക്കും. 

click me!