
തിരുവനന്തപുരം: ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിന് നഷ്ടം വന്ന രീതി സംബന്ധിച്ച് വ്യക്തത ഇല്ലെന്ന് വിജിലൻസ്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പ്രവർത്തി ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും എന്നാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ഇത് അപര്യാപ്തമെന്നും വിജിലൻസ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്മേൽ തുടർ നടപടികൾക്ക് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ദേവസ്വം ബോർഡിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 17.14 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നുണ്ട്.
വ്യക്തിഗത ക്രിമിനൽ ഉത്തരവാദിത്തം തെളിയിക്കാനായില്ലെന്നും 43 പ്രതികളിൽ ഒരാൾ ഒഴികെ മറ്റാർക്കെതിരെയും തട്ടിപ്പ് വ്യക്തമാക്കുന്ന തെളിവില്ല. നെയ്യ് ഉൽപ്പാദനം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന എന്നിവയിലെ ഗുരുതര വീഴ്ചകൾ നഷ്ടത്തിന് കാരണമായിട്ടുണ്ട്. പുതുതായി നിയമിച്ച ജീവനക്കാരെ ഉടൻ കൗണ്ടർ ചുമതലയിൽ നിയോഗിച്ചതിലും വീഴ്ച വന്നു. ടിക്കറ്റ് നൽകുന്നതും നെയ്യ് പാക്കറ്റ് നൽകുന്നതും ഒരേ ജീവനക്കാരനാണ്, ഈ രീതി അവസാനിപ്പിക്കണം. നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യണം. ഡിജിറ്റൽ ഫ്ലോ മീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനവും നിർബന്ധമാക്കണം. എല്ലാ കൗണ്ടറുകളിലും ഹൈ-ഡെഫിനിഷൻ സിസിടിവി സ്ഥാപിക്കണം. ദൃശ്യങ്ങൾ 90 ദിവസം സൂക്ഷിക്കണം, ദേവസ്വം ബോർഡ് മൂന്ന് ആഴ്ചയ്ക്കകം പുതിയ എസ്ഒപി കോടതിയിൽ സമർപ്പിക്കണം. മാനേജ്മെന്റ്, സാങ്കേതിക, ഭരണപരമായ വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam