'ആ പേരുകൾ സുമിത് ഗോയലിന് അറിയാം'; ഉന്നത നേതാക്കള്‍ക്ക് പാലാരിവട്ടം അഴിമതിയിൽ പങ്കെന്ന് വിജിലൻസ്

By Web TeamFirst Published Sep 23, 2019, 3:58 PM IST
Highlights

പാലാരിവട്ടം പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും പങ്കുണ്ട്. ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നവരുടെ വിവരങ്ങള്‍ സുമിത് ഗോയല്‍ പറയാത്തത് നേതാക്കളെ ഭയന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കൊച്ചി; പാലാരിവട്ടം മേൽപാലം  അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നത രാഷ്രീയ നേതാക്കൾക്ക്  പങ്കുണ്ടെന്ന് വിജിലൻസ് റിപ്പോര്‍ട്ട്. കരാറുകാരനായ  സുമിത് ഗോയലിനു രാഷ്ട്രീയ നേതാക്കൾ ആരെല്ലാം എന്ന്‌ അറിയാം.  കൈക്കൂലി  വാങ്ങിയ പൊതുപ്രവർത്തകരുടെ പേര്  വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നതായും അദ്ദേഹത്തിന്‍റെ  ജാമ്യാപേക്ഷയെ എതിർത്തു ഹൈക്കോടതിയിൽ നല്കിയ റിപ്പോർട്ടില്‍ വിജിലന്‍സ് പറയുന്നു.

ഉന്നത രാഷ്ട്രീയ  നേതാക്കളെ ഭയന്നാണ്, കൈക്കൂലി  വാങ്ങിയ പൊതുപ്രവർത്തകരുടെ പേര്  സുമിത് ഗോയല്‍  വെളിപ്പെടുത്താത്തത്. സുമിത് ഗോയലിനു ജാമ്യം നൽകിയാൽ രാഷ്ട്രീയ സ്വാധീനം ഉള്ള പ്രതികളെ രക്ഷപ്പെടുത്തും. സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും വിജിലന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read Also: പാലാരിവട്ടത്തെ 'പഞ്ചവടിപ്പാലം', കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കഥ ഇങ്ങനെ!

കേസില്‍ ഒന്നാം പ്രതിയാണ് നിർമാണക്കമ്പനിയായ ആർ ഡി എസ് പ്രൊജക്ട്സ് എംഡിയായ സുമിത് ഗോയല്‍.  ആര്‍ഡിഎസിന്‍റെയും സുമിത് ഗോയലിന്‍റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതായി വിജിലൻസ് സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്‍റെ പക്കലുണ്ട്. ഇവയില്‍ അന്വേഷണം നടത്തിവരികയാണെന്നാണ് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം,പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി അന്വേഷണ സംഘം പ്രത്യേക ചോദ്യാവലിയും തയ്യാറാക്കുന്നുണ്ട്.  റിമാന്‍റിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, വികെ ഇബ്രാഹിം കുഞ്ഞിനെതിരെ  മൊഴി നൽകിയ പശ്ചാത്തലത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. 

Read Also: പാലാരിവട്ടം പാലം അഴിമതി; വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അടുത്തയാഴ്ച ചോദ്യം ചെയ്യും

പാലം അഴിമതിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വൈരുധ്യങ്ങള്‍ നിറഞ്ഞ മറുപടിയാണ് കഴിഞ്ഞദിവസം ഇബ്രാഹിം കുഞ്ഞ് നല്‍കിയത്. 'ബജറ്റില്‍ വരാത്ത എല്ലാ വര്‍ക്കുകള്‍ക്കും മൊബിലൈസേഷന്‍ അഡ്വാന്‍സുണ്ട്. അതിപ്പോഴും കൊടുക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരും കൊടുത്തിട്ടുണ്ട് എന്നായിരുന്നു പാലം കരാറുകാർക്ക് വഴി വിട്ട് എട്ടുകോടി രൂപ അനുവദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇബ്രാഹിം കുഞ്ഞിന്‍റെ മറുപടി. 

Read Also: മാധ്യമങ്ങള്‍ക്ക് മുന്നില്‍ വൈരുധ്യങ്ങള്‍ നിറഞ്ഞ വിശദീകരണവുമായി ഇബ്രാഹിം കുഞ്ഞ്

click me!