Asianet News MalayalamAsianet News Malayalam

പാലാരിവട്ടത്തെ 'പഞ്ചവടിപ്പാലം', കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കഥകളിലൊന്നിന്‍റെ നാൾവഴി

കേരളം കണ്ട ഏറ്റവും നാണം കെട്ട അഴിമതിക്കഥകളിലൊന്നാണ് പാലാരിവട്ടം പാലത്തിന്‍റെ നിർമാണം. എപ്പോൾ പൊളിഞ്ഞു വീഴുമെന്നറിയാതെ കൊച്ചിക്കാരുടെ തലയ്ക്ക് മുകളിൽ ഡെമോക്ലീസിന്‍റെ വാൾ പോലെ തൂങ്ങിക്കിടക്കുകയാണ് പാലാരിവട്ടം പാലം. 

a timeline of palarivattam bridge corruption case
Author
Kochi, First Published Sep 19, 2019, 2:35 PM IST

കേരളം കണ്ട ഏറ്റവും നാണം കെട്ട അഴിമതിക്കഥകളിലൊന്നാണ് പാലാരിവട്ടം പാലത്തിന്‍റെ നിർമാണം. എപ്പോൾ പൊളിഞ്ഞു വീഴുമെന്നറിയാതെ കൊച്ചിക്കാരുടെ തലയ്ക്ക് മുകളിൽ ഡെമോക്ലീസിന്‍റെ വാൾ പോലെ തൂങ്ങിക്കിടക്കുകയാണ് പാലാരിവട്ടം പാലം. ഒടുവിലിപ്പോൾ പാലം പൊളിച്ചുനീക്കാനാണ് സംസ്ഥാനസർക്കാരിന്‍റെ തീരുമാനം. സമഗ്രമായി പുനരുദ്ധരിക്കാതെ മെട്രോമാൻ ഇ ശ്രീധരനും ചെന്നൈ ഐഐടിയും വിധിയെഴുതിയ ഈ പാലത്തെ, ഹൈക്കോടതിയടക്കം പഞ്ചവടിപ്പാലമെന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. കെ ജി ജോർജിന്‍റെ പ്രശസ്തമായ പഞ്ചവടിപ്പാലം സിനിമയിലെ ദുശ്ശാസനക്കുറുപ്പിന്‍റെയും മണ്ഡോദരിയമ്മയുടെയും റോളുകളിൽ ആരൊക്കെയായിരിക്കുമെന്ന് കേരളത്തിലെ ട്രോൾ ഗ്രൂപ്പുകൾ കുത്തിയിരുന്ന് ചർച്ച ചെയ്തു. 

മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്‍റെ അറസ്റ്റിൽ നിന്ന് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ തന്നെ അറസ്റ്റിലേക്ക് കേസിൽ വിജിലൻസ് നീങ്ങുമ്പോൾ ഈ പാലംപണി കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തിലുണ്ടാക്കുന്ന കോളിളക്കങ്ങളും ചില്ലറയാവില്ല. ദേശീയപാതാ അതോറിറ്റി പാലം പണിഞ്ഞാൽ ടോൾ ഈടാക്കും. ഇത്  പാലാരിവട്ടം പാലത്തിന്‍റെ അഴിമതിക്കഥകളുടെ നാൾവഴിയിലേക്ക്.. 

പാലാരിവട്ടത്ത് പാലം വേണമെന്ന് തീരുമാനിച്ചതെപ്പോൾ?

ഗതാഗതക്കുരുക്കിൽ വലഞ്ഞ കൊച്ചി നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രമായ പാലാരിവട്ടത്ത് ഒരു പാലം വേണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്.  ഒടുവിൽ 2014-ല്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മാണത്തിന് അനുമതി നൽകിയത്. 

നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചത് കേരളാ റോഡ്‍സ് ആന്‍റ് ബ്രിഡ്‍ജസ് കോർപ്പറേഷനാണ്. കോർപ്പറേഷൻ ആര്‍ഡിഎസ് പ്രോജക്ട്‍സിനെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‍കോയായിരുന്നു കണ്‍സള്‍ട്ടന്‍റ്. പാലം ഡിസൈന്‍ തയ്യാറാക്കിയത് ബെംഗളുരു ആസ്ഥാനമായ നാഗേഷ് കണ്‍സള്‍ട്ടന്‍സി.

2014 സെപ്റ്റംബര്‍ 1-ന് പാലത്തിന്‍റെ നിര്‍മ്മാണം തുടങ്ങി. 442 മീറ്ററായിരുന്നു പാലത്തിന്‍റെ നീളം. രണ്ട് വർഷവും ഒരു മാസവും കഴിഞ്ഞ്, ഭരണം മാറിയ ശേഷം 2016 ഒക്ടോബര്‍ 12-ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പാലത്തിന്‍റെ മൊത്തം നിർമാണച്ചെലവ് 42 കോടിയായിരുന്നു. 

ഒരു കൊല്ലമായില്ല, പാലത്തിൽ കുഴികൾ!

 2017 ജൂലൈയില്‍ പാലത്തില്‍ കുഴികളുണ്ടായി. മേല്‍പ്പാലത്തിലെ തകരാറിനെക്കുറിച്ച് ആദ്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് പാലാരിവട്ടം സ്വദേശി കെ വി ഗിരിജനാണ്. 2017 ജൂണ്‍ 30-ന് ഗിരിജന്‍ മന്ത്രിക്കു പരാതി നല്‍കി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കേരളാ റോഡ്‍സ് ആന്‍റ് ബ്രിഡ്‍ജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടു. സ്പാനിന് അടിയിലുളള ബെയറിംഗിനുണ്ടായ തകരാര്‍ മൂലം താല്‍ക്കാലിക താങ്ങ് നല്‍കിയിട്ടുണ്ടെന്നും പ്രശ്നമൊന്നുമില്ലെന്നും കോർപ്പറേഷന്‍റെ വിശദീകരണം.

2018 സെപ്റ്റംബറില്‍ നടത്തിയ പാലത്തില്‍ ആറിടത്ത് വിളളല്‍ കണ്ടെത്തി. ആശങ്ക. പാലത്തിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനു ശുപാര്‍ശ. 

പാലത്തിന്‍റെ ബലക്ഷയം ആദ്യം പരിശോധിച്ചത് മദ്രാസ് ഐഐടിയാണ്. 2019 മാര്‍ച്ച് 27-ന് ഐഐടി പരിശോധനാ റിപ്പോര്‍ട്ട് നല്‍കി. 

മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ടിലുളളതെന്ത്?

# രണ്ടുഘട്ടങ്ങളായി പാലം നവീകരിക്കേണ്ടി വരും.

# ഗര്‍ഡറുകളിലും തൂണുകളിലും 0.2 മുതല്‍ 0.4 മില്ലീമീറ്റര്‍ വീതിയില്‍ വിളളലുണ്ട്.

# കോണ്‍ക്രീറ്റ് മിശ്രിതത്തിന്‍റെ നിലവാരമില്ലായ്മ പാലത്തിന്‍റെ ഗര്‍ഡറുകളിലും തൂണുകളിലും പൊട്ടലുണ്ടാക്കി.

# പിയര്‍ ക്യാപ്പില്‍ നിന്ന് ഗര്‍ഡര്‍ ഇളകിമാറിയത് പാലത്തിന് ബലക്ഷയമുണ്ടാക്കി.

# കേടായ ബെയറിംഗുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുക.

# ടാറിങ് പുതുക്കുക

# ഗര്‍ഡറുകള്‍ പുതിയ സംവിധാനത്തില്‍ യഥാസ്ഥാനത്ത് സ്ഥാപിക്കുക

പിന്നീട് നടന്നതെന്ത്?

2019 മെയ് 1

പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു. ആദ്യ 3 വര്‍ഷമുണ്ടാകുന്ന അപാകതകള്‍ കരാറുകാരന്‍റെ ചെലവില്‍ തീര്‍ക്കണമെന്ന കരാര്‍ പ്രകാരം ആര്‍.ഡി.എസ് പ്രോജക്ട്സ് തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ അതില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇ.ശ്രീധരനെ കൂടുതല്‍ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി.

2019 മെയ് 3

വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് എസ്.പി കെ.കാര്‍ത്തിക്കിന് ചുമതല. എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി ആര്‍.അശോക് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചു.

2019 മെയ് 7

വിജിലന്‍സ് അന്വേഷണം തുടങ്ങി.

2019 മെയ് 29

പാലം നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി.

2019 ജൂണ്‍ 4

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു. 17 പേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട്.

പാലത്തിന്‍റെ നിര്‍മ്മാണ കരാരെടുത്ത ആര്‍.ഡി.എസ് പ്രോജക്ട്സിന്‍റെ എം.ഡി. സുമിത് ഗോയലിനെ ഒന്നാംപ്രതിയാക്കാന്‍ ശുപാര്‍ശ. 

അന്വേഷണം നേരിടുന്ന മറ്റുളളവര്‍ - കേരളാ റോഡ്‍സ് ആന്‍റ് ബ്രിഡ്‍ജസ് കോർപ്പറേഷൻ മുന്‍ എം.ഡി. മുഹമ്മദ് ഹനീഷ്, കിറ്റ്‍കോ മുന്‍ എം.ഡി. സിറിയക് ഡേവിസ്, നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് മഞ്ജുനാഥ്, കിറ്റ്‍കോ ജനറല്‍ മാനേജര്‍മാരായ ജി.പ്രമോദ്, ബെന്നി പോള്‍, സീനിയര്‍ കണ്‍സള്‍ട്ടന്‍റുമാരായ ഭാമ, ഷാലിമാര്‍, കേരളാ റോഡ്‍സ് ആന്‍റ് ബ്രിഡ്‍ജസ് കോർപ്പറേഷൻ മുന്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം.ടി.തങ്കച്ചന്‍, മാനേജര്‍ പി.എം.യൂസഫ്, കിറ്റ്‍കോ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് സന്തോഷ്, പ്രോജക്ട് എന്‍ജിനീയര്‍മാരായ സാന്‍ജോ കെ ജോസ്, ജിജേഷ്, കേരളാ റോഡ്‍സ് ആന്‍റ് ബ്രിഡ്‍ജസ് കോർപ്പറേഷൻ മുന്‍ മാനേജര്‍ പി.എസ്.മുഹമ്മദ് നൗഫല്‍, ശരത് എസ് കുമാര്‍, ആര്‍.‍‍ഡി.എസ് അഡീഷണല്‍ ജനറല്‍ മാനേജര്‍ ജയ് പോള്‍, സൈറ്റ് മാനേജര്‍ ജോണ്‍.

2019 ജൂണ്‍ 14

ആര്‍.ഡി.എസിന്‍റെ കൊച്ചി ഓഫീസിലും ആര്‍.ഡി.എസ് എം.ഡി. സുമിത് ഗോയലിന്‍റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. കരാറുമായി ബന്ധപ്പെട്ട നാല്‍പതോളം രേഖകള്‍ പിടിച്ചെടുത്തു. 

2019 ജൂണ്‍ 17

ഇ ശ്രീധരന്‍റെ നേതൃത്വത്തിലുളള വിദഗ്‍ധ സംഘത്തിന്‍റെ പരിശോധന.

2019 ജൂലൈ 4

ഇ ശ്രീധരന്‍ പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഡിസൈനിലെ പാളിച്ചകള്‍ കിറ്റ്‍കോ ഒരുഘട്ടത്തിലും ശ്രദ്ധിച്ചില്ല. കിറ്റ്‍കോയുടെ 2011 മുതലുളള എല്ലാ പദ്ധതികളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. 

ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ടിലുളളത്

# പാലത്തിന്‍റെ ആയുസ്സ് നാലിലൊന്നായി കുറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ പാലത്തിന്‍റെ ആയുസ്സ് വെറും 20 കൊല്ലം മാത്രം.

# പാലത്തിന്‍റെ അസ്തിവാരത്തിനും തൂണുകള്‍ക്കും ബലക്ഷയമില്ല.

# പാലം ‍ഡിസൈന്‍ ചെയ്ത ഘട്ടം മുതല്‍ വീഴ്ചയുണ്ടായി.

# 102 ആര്‍സിസി ഗര്‍ഡറുകളില്‍ 97 എണ്ണത്തിലും വിളളല്‍.

# 19 സ്പാനുകളില്‍ പതിനേഴും മാറ്റണം.

# 18 പിയര്‍ ക്യാപ്പില്‍ 16 എണ്ണം മാറ്റണം. 3 എണ്ണം അങ്ങേയറ്റം അപകടനിലിയില്‍.

# സ്പാനിനും തൂണിനുമിടയില്‍ ഉപയോഗിച്ച ലോഹ ബെയറിംഗുകള്‍ മേന്മയില്ലാത്തത്.

# തൂണുകള്‍ക്ക് മുകളിലെ പിയറിനും ക്യാപ്പിനും ബലക്ഷയം.

# പാലം പുനര്‍നിര്‍മ്മിക്കേണ്ടതില്ല, അറ്റകുറ്റപ്പണി നടത്തണം.

# അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന ചെലവ് 18.71 കോടി രൂപ.

2019 ഓഗസ്റ്റ് 29

ടി ഒ സൂരജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വിജിലൻസ്. 

2019 ഓഗസ്റ്റ് 30 

പാലാരിവട്ടം പാലം പണിയിലെ ക്രമക്കേടിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരും അറസ്റ്റിലായി.

2019 സെപ്റ്റംബർ 2

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളെ വിജിലൻസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം അഞ്ചാം തിയതി വരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. 

2019 സെപ്റ്റംബർ 5

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെയും സെപ്റ്റംബര്‍ 19 വരെ വിജിലന്‍സ് കോടതി റിമാന്‍റ് ചെയ്തു. സൂരജടക്കമുള്ളവർ മൂവാറ്റുപുഴ സബ് ജയിലിൽ.

2019 സെപ്റ്റംബർ 17

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി ഒ സൂരജ് ഹൈക്കോടതിയിൽ പറഞ്ഞു. കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രി തന്നെയെന്ന് കേസില്‍ റിമാൻഡിൽ കഴിയുന്ന ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ മുഖ്യപ്രതിതന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ അന്വേഷണം ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിച്ചായി.

2019 സെപ്റ്റംബർ 18

പാലാരിവട്ടം പാലം അഴിമതിയിൽ  കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പാലത്തിന്‍റെ ബലക്ഷയത്തിന് ആരാണ് ഉത്തരവാദികളെന്ന്  കോടതി ചോദിച്ചു.  ആരാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. പൊതുജനത്തിന്‍റെ ജീവന്  ഭീഷണിയാകും വിധത്തിലാണ് പാലം നിർമിച്ചതെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. കേസിൽ ഇനിയും അറസ്റ്റുണ്ടാകും. ഉദ്യോഗസ്ഥനടക്കം കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകൾ ശേഖരിച്ചുവരികയായെണെന്നും  വിജിലൻസ് അറിയിച്ചു. 

2019 സെപ്റ്റംബർ 19

പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോഴായിരുന്നു സൂരജിന്‍റെ പ്രതികരണം. 

2019 സെപ്റ്റംബർ 19

സൂരജിന്‍റേതടക്കം മൊഴികളുടെ അടിസ്ഥാനത്തിൽ ഇടപാടുകളുടെ രേഖകളടക്കം തെളിവുകൾ കിട്ടിയ വിജിലൻസ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്ക്. വിജിലൻസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നു.

Follow Us:
Download App:
  • android
  • ios