പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സിന് കൂടുതല്‍ തെളിവുകള്‍ കിട്ടി, ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും

By Web TeamFirst Published Feb 8, 2020, 11:56 AM IST
Highlights

ഇബ്രാഹിംകുഞ്ഞിനെ കൂടാതെ മുന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്‍ജസ് ഡെവലപ്‍മെന്‍റ് കോര്‍പ്പര്‍ഷേന്‍ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസിനേയും വിജിലന്‍സ് നോട്ടീസ്  ചോദ്യം ചെയ്തേക്കും എന്നാണ് സൂചന. 

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അടുത്ത ആഴ്ച ചോദ്യം ചെയ്യും.  ഗവര്‍ണര്‍ അനുമതിക്ക് നല്‍കിയതിന് പിന്നാലെയാണ് മുന്‍മന്ത്രിയും നിലവില്‍ കളമശ്ശേരി എംഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. നേരത്തെ ഒരു തവണ കേസിലെ സാക്ഷിയെന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു. എന്നാല്‍ ക്രിമിനല്‍ ചട്ടം 41 എ പ്രകാരം നോട്ടീസ് നല്‍കി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്താനാണ് വിജിലന്‍സിന്‍റെ നീക്കം. 

നിലവില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ ഇതു പൂര്‍ത്തിയായ ശേഷമേ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യല്ലിനായി വിളിച്ചു വരുത്തൂ. നിയമസഭാ സമ്മേളനത്തിനിടെ സഭാ അംഗങ്ങളെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യണമെങ്കില്‍ സ‍്പീക്കറുടെ അനുമതി വാങ്ങണമെന്ന് ചട്ടമുണ്ട്. ഈ സാഹചര്യത്തില്‍ ബുധനാഴ്ച സമ്മേളനം പൂര്‍ത്തിയായ ശേഷം മാത്രമേ വിജിലന്‍സ് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞിന് കത്ത് നല്‍കൂ. 

അതേസമയം ഇബ്രാഹിംകുഞ്ഞിനെ കൂടാതെ മുന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്‍ജസ് ഡെവലപ്‍മെന്‍റ് കോര്‍പ്പര്‍ഷേന്‍ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസിനേയും വിജിലന്‍സ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കും എന്നാണ് സൂചന. റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോര്‍പറേഷന്‍ എംഡി എന്ന നിലയില്‍ ഹനീഷിന് പാലം നിര്‍മ്മാണത്തില്‍ മേല്‍നോട്ട കുറവുണ്ടായി എന്നായിരുന്നു നേരത്തെയുള്ള  വിജിലന്‍സിന്‍റെ നിഗമനം. എന്നാല്‍ ഹനീഷിനെതിരെ നിര്‍ണായകമായ ചില തെളിവുകളും രേഖകളും ഇപ്പോള്‍ വിജിലന്‍സിന് ലഭിച്ചുവെന്നാണ് സൂചന. 

ഇതു കൂടാതെ കേസില്‍ നേരത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്ത റോഡ്സ് ആന്‍ഡ് ബ്രിഡ്‍ജസ് ഡെവലപ്‍മെന്‍റ് കോര്‍പ്പര്‍ഷേന്‍  അസി.ജനറല്‍ മാനേജര്‍ എംഡി തങ്കച്ചനെ സ്ഥാപനത്തില്‍ നിയമിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ഇടപെട്ടതായും വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ പോസ്റ്റിലേക്ക് ആളെ നിയമിക്കുന്നത് പത്രപരസ്യം നല്‍കിയും അഭിമുഖം നടത്തിയുമാണ്. എന്നാല്‍ തങ്കച്ചന്‍റെ കാര്യത്തില്‍ ഇത്തരം ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന. 
 

click me!