
പുതുച്ചേരി: പുതുച്ചേരിയിൽ വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പ്രസിഡന്‍റിനെ നടുറോഡിലിട്ട് കുത്തി കൊന്നു. അധികാര തർക്കത്തെ തുടർന്ന് ഫാൻസ് അസോസിയേഷൻ മുൻ സെക്രട്ടറിയും സംഘവുമാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊവിഡ് ഭീതിയിൽ സിനിമാ വ്യവസായം തന്നെ നിശ്ചലമായതിന് ഇടയിലാണ് ആരാധക സംഘടനയിലെ തർക്കത്തിന്‍റെ പേരിൽ തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച് ദാരുണ കൊലപാതകം.
വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പ്രസിഡന്‍റായ മണികണ്ഠനെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് നടുറോഡിൽ മുൻ സെക്രട്ടറിയും കൂട്ടാളികളും കുത്തി വീഴ്ത്തിയത്. ഒരു വർഷമായി പുതുച്ചേരിയിലെ ഫാൻസ് അസോസിയേഷൻ പ്രസിഡന്‍റാണ് പെയിന്‍റര്‍ കൂടിയായ മണികണ്ഠൻ. ആറ് മാസം കഴിഞ്ഞാൽ സ്ഥാനം ഒഴിയണമെന്ന ധാരണയിലാണ് പ്രസിഡന്‍റാക്കിയത്. സ്ഥാനം ഒഴിയാൻ മടിച്ചതോടെ മണികണ്ഠനും മുൻ സെക്രട്ടറി രാജശേഖരനും തമ്മിൽ തർക്കം പതിവായിരുന്നു. ഫാൻസ് അസോസിയേഷൻ യോഗങ്ങളിൽ പരസ്പരം പോർ വിളിക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെഡിയാർ പാളയം മാർക്കറ്റിന് മുന്നിൽ വച്ചാണ് രണ്ട് ബൈക്കുകളിലെത്തിയ മൂവർ സംഘം ആക്രമിച്ചത്. അമിത വേഗത്തിൽ ബൈക്കുകളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ അറിയച്ചത് അനുസരിച്ച് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി മുറിവേറ്റ മണികണ്ഠൻ ഇന്ന് ഉച്ചയോടെ മരിച്ചു. രാജശേഖരനും മണികണ്ഠനും അകന്ന ബന്ധുക്കൾ കൂടിയാണ്. രാജശേഖരന്‍റെ പേരിൽ നിരവധി ക്രിമിനൽ കേസുകളുമുണ്ട്. സംഭവത്തിൽ വിജയ് സേതുപതി പ്രതികരിച്ചിട്ടില്ല. ഒളിവിൽ പോയ രാജശേഖരനും കൂട്ടാളികൾക്കുമായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam