
തൃശ്ശൂര്‍: തൃശൂർ കുന്ദംകുളം ചിറ്റിലങ്ങാട് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി കൊന്ന കേസില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്ന് സി പി എം പ്രവർത്തകർക്കും കുത്തേറ്റിരുന്നു. നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് പരിക്കേറ്റവർ മൊഴി പൊലീസിന് നൽകി.
സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ആക്രമണത്തിന് പിന്നിൽ ബിജെപി ബജ്റംഗ്ദൾ പ്രവർത്തകരെന്ന് മന്ത്രി എസി മൊയ്ദീന്‍ പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു.
ഇന്നലെ രാത്രി 11.30യ്ക്കാണ് സനൂപ് കൊല്ലപ്പെടുന്നത്. ചിറ്റിലങ്ങാട്ടെ സി പി എം പ്രവർത്തകനായ മിഥുനും പ്രതികളും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. പ്രശ്നം സംസാരിച്ച് പരിഹരിക്കാനാണ് സനൂപും മറ്റ് മൂന്ന് സി പി എം പ്രവർത്തകരും ചേർന്ന് സ്ഥലത്തെത്തിയത്. വിജനമായ പ്രദേശത്ത് സനൂപും അഭി ജിത്തും, ജിതിനും വിബുവും എത്തുമ്പോൾ കൊലയാളി സംഘം മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലെത്തി. പിന്നീട് സനൂപിനെ ഒറ്റ കുത്തിന് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് അക്രമി സംഘം മറ്റ് മൂന്നു പേരെയും ഓടിച്ചിട്ട് കുത്തി. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് സ്ഥലത്തെത്തിയ മന്ത്രി എസി മൊയ്ദീൻ വ്യക്തമാക്കി. ജനാധിപത്യത്തിൻന്‍റെയും മതനിരപേക്ഷതയുടെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂർച്ചയാൽ ഇല്ലാതാക്കാമെന്ന ആർ എസ് എസ് - കോൺഗ്രസ് ചിന്തകളുടെ ഭാഗമായാണ് കൊലപാതകമെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
കോൺഗ്രസിൻറെ സജീവ പ്രവർത്തകനായിരിക്കെ ബി ജെ പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണ് ആക്രമണത്തിന് പിന്നിലെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും ഇത്തരം പ്രചാരണം നടത്തിയ മന്ത്രിയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായും ബിജെപി വ്യക്തമാക്കി.
കൊലയാളി സംഘത്തിൽ എട്ട് പേരുണ്ടെന്നാണ് സൂചന. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കളെ ചെറുപ്പത്തിലെ സനൂപിന് നഷ്ടപ്പെട്ടിരുന്നു. 26-ാം വയസ്സില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കിയതും സനൂപിൻറെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തിലാണ്. പ്രളയകാലത്തും കൊവിഡ് പ്രതിരോധപ്രവര്ഡത്തനങ്ങളിലും സജീവമായിരുന്നു സനൂപെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam