ഇന്ന് വിദ്യാരംഭം; അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

By Web TeamFirst Published Oct 8, 2019, 9:31 AM IST
Highlights

 ഭാഷാപിതാവിന്റെ ജന്മനാടായ തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭം പുലർച്ചെ അഞ്ചു മണിയോടെ തുടങ്ങി. എം ടി വാസുദേവൻ നായർ അടക്കമുള്ള സാഹിത്യകാരൻമാരും പാരമ്പര്യ എഴുത്താശാൻമാരുമാണ് കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ചു നൽകുന്നത്. 

കോഴിക്കോട്: വിജയദശമി നാളില്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. വിവിധ ഇടങ്ങളിൽ എഴുത്തിനിരുത്ത് ചടങ്ങുകൾ തുടങ്ങിയിരിക്കുകയാണ്. വിജയദശമി നാളിൽ ക്ഷേത്രങ്ങളിൽ നല്ല ഭക്തജനത്തിരിക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് ആയിരങ്ങളാണ് എത്തിയത്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതി അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുകയാണ് കുട്ടികള്‍ .

ക്ഷേത്രങ്ങള്‍ക്ക് പുറമെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ട്. ഭാഷാപിതാവിന്റെ ജന്മനാടായ തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭം പുലർച്ചെ അഞ്ചു മണിയോടെ തുടങ്ങി. എം ടി വാസുദേവൻ നായർ അടക്കമുള്ള സാഹിത്യകാരൻമാരും പാരമ്പര്യ എഴുത്താശാൻമാരുമാണ് കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ചു നൽകുന്നത്. ഐരാണിമുട്ടം തുട്ടം തുഞ്ചൻ സ്മാരകത്തിൽ വച്ചും ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

"

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. ക്ഷേത്രത്തിലെ സരസ്വതീനടയ്ക്ക് സമീപത്തായി പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയിട്ടുണ്ട്. പ്രമുഖ ക്ഷേത്രങ്ങളായ എറണാകുളത്ത് ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണമൂകാംബികയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. നവരാത്രി പൂജകൾക്കും ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ്.

click me!