കൂടത്തായി കൊലപാതക പരമ്പര: ജോളിയെ സഹായിച്ചവരെ കണ്ടെത്താൻ പൊലീസ്, കൂടുതൽ പേരെ ചോദ്യം ചെയ്യും

By Web TeamFirst Published Oct 8, 2019, 6:12 AM IST
Highlights

കൂടത്തായി കേസിൽ ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. ഷാജുവിന്‍റെ അച്ഛൻ സക്കറിയയെ അന്വേഷണസംഘം വിളിച്ചുവരുത്തിയേക്കും. വ്യാജ വില്‍പത്രമുണ്ടാക്കാന്‍ കൂട്ടുനിന്ന സിപിഎം നേതാവിന്‍റെയും മൊഴി രേഖപ്പെടുത്തും.

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. വ്യാജ വില്‍പത്രമുണ്ടാക്കാന്‍  സഹായിച്ചെന്ന് സംശയിക്കുന്ന സിപിഎം നേതാവ് മനോജ്, ലീഗ് നേതാവ്, റവന്യൂ-ബിഎസ്എന്‍എല്‍-പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുക. ഷാജുവിന്‍റെ അച്ഛൻ സക്കറിയയെയും ഇന്ന് ചോദ്യം ചെയ്തേക്കും.

ഇത്രയധികം കൊലപാതകങ്ങൾ നടത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ ജോളിയ്ക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടുന്നത്. അതിനാൽ ഇതിലാർക്കൊക്കെ ഇനിയും പങ്കുണ്ടെന്ന വിവരം വിശദമായി പരിശോധിച്ച ശേഷം, സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഒത്തിണക്കിയാകും പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതും കുറ്റപത്രം തയ്യാറാക്കുന്നതും. ഇത് വലിയ സാഹസമാണെങ്കിലും കോടതിയിൽ ഈ കേസ് തള്ളിപ്പോകുന്ന സാഹചര്യം പൊലീസിന് വലിയ തിരിച്ചടിയാകും. അത്രയും വിദഗ്‍ധമായാണ് പൊലീസ് ഇത്ര കാലത്തിന് ശേഷം ഈ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.  

കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളി ജോസഫിന്‍റെ രണ്ടാം ഭർത്താവ് ഷാജു സക്കറിയയെ ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. നേരത്തെ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിൽ നിരവധി വിശദീകരണങ്ങള്‍ പൊലീസിന് ആവശ്യമായിരുന്നു, അവ ചോദിച്ചറിയാനാണ് ഷാജുവിനെ വിളിച്ച് വരുത്തിയത്. കേസിലെ എല്ലാ പഴുതുമടച്ച് മാത്രം മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം. 

കൊലപാതക പരമ്പരയെക്കുറിച്ച് തനിക്ക് ഒന്നുമറിയുമായിരുന്നില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷവും ഷാജു ആവർത്തിച്ചു. പൊലീസിനോട് കുറ്റം സമ്മതിച്ച് മൊഴി കൊടുത്തിട്ടില്ലെന്നും ഭാര്യയുടെയും കുഞ്ഞിന്‍റെയും മരണങ്ങളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കൊലപാതകമാണെന്ന് അറിയാമായിരുന്നുവെങ്കിലും അത് പൊലീസിനെ അറിയിക്കാതെ മറച്ചു വച്ചെന്ന് ഷാജു പൊലീസിനോട് പറഞ്ഞെന്നുമാണ് വിവരം. 

'ഞാൻ നിരപരാധി'

''വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. കൊലപാതകങ്ങളിൽ എനിക്കും പങ്കുണ്ടെന്ന് ജോളി പൊലീസിനോട് പറയുന്നത് പ്ലോട്ടാണ്. ജോളിയുടെ പൂർണമായ പ്ലോട്ടാണ്. ഇപ്പോഴീ കുറ്റത്തിലും കേസിലും അവൾ ഒറ്റയ്ക്കാണല്ലോ. ജോളിയുടെ കൂടെ ഒരാളെക്കൂടി കുരുക്കണമെന്ന താത്പര്യത്തിലാണ് ഇതൊക്കെ പറയുന്നത്'', ഷാജു പറയുന്നു. ജോളിയ്ക്ക് ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നു എന്നൊന്നും അറിയില്ലെന്നും ഷാജു പറഞ്ഞു. 

Also Read: 'കൊലകളെക്കുറിച്ച് അറിയില്ല, മൊഴി കൊടുത്തിട്ടുമില്ല, എല്ലാം ജോളിയുടെ പ്ലോട്ടാണെ'ന്ന് ഷാജു

എല്ലാം മൂന്ന് പേർക്കറിയാമായിരുന്നെന്ന് ജോളി

കൂടത്തായി കൊലപാതകപരമ്പരയിൽ ഓരോ കുറ്റകൃത്യവും ഒറ്റയ്ക്ക് ജോളിയ്ക്ക് ചെയ്യാനാകില്ലെന്ന് വ്യക്തമായിരുന്നു. എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഷാജുവിന്‍റെ അച്ഛൻ സക്കറിയയ്ക്കും അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതേ കാര്യം ഷാജുവും പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. ഇതോടെ നാല് കൊലപാതകങ്ങളിൽ, അതായത്, ജോളിയുടെ മുൻഭർത്താവ് റോയ് തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ഷാജുവിന്‍റെ ആദ്യ ഭാര്യ സിലി, മകൾ പത്ത് മാസം പ്രായമുള്ള ആൽഫിൻ എന്നിവരുടെ കൊലപാതകങ്ങളിൽ ഈ മൂന്ന് പേർക്കും വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ കൃത്യമായ തെളിവില്ലാതെ ഒരു നടപടിയിലേക്കും പൊലീസ് കടക്കാനും തയ്യാറാകില്ല.

കരുതലോടെ പൊലീസ്

ധൃതി പിടിച്ച് ആരെയും അറസ്റ്റ് ചെയ്യേണ്ടെന്ന് തന്നെയാണ് പൊലീസിന്‍റെ തീരുമാനം. തീർത്തും ശ്രദ്ധയോടെ മുന്നോട്ടു പോകും. ഷാജുവിനും അച്ഛൻ സക്കറിയയ്ക്കും ഇതെല്ലാം അറിയാമായിരുന്നു എന്ന് തന്നെയാണ് ജോളി മൊഴി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സക്കറിയയെയും ഷാജുവിനെയും വിളിച്ച് വരുത്തിയതും. ഷാജുവിന്‍റെ മൊഴിയിൽ ചില വിശദീകരണങ്ങൾ വേണമായിരുന്നു. അതിനുവേണ്ടിയാണ് വീണ്ടും ഷാജുവിനെ വിളിച്ച് വരുത്തിയതെന്നും വിശദമായി മൊഴി രേഖപ്പെടുത്തിയതെന്നും റൂറൽ എസ്‍പി കെ ജി സൈമൺ പ്രതികരിച്ചു.

സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ എല്ലാ പഴുതും അടച്ച ശേഷം മാത്രമേ പൊലീസിന് മുന്നോട്ടുപോകാനാകൂ. ഇല്ലെങ്കിൽ ഏതെങ്കിലും ഒരിടത്ത് പ്രോസിക്യൂഷന് പ്രതിഭാഗത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതായാൽ കേസിലെ മിക്കവാറും എല്ലാ തെളിവുകളും പിന്നീട് ചോദ്യചിഹ്നമായി മാറും. കോടതിയിൽ നിന്ന് തിരിച്ചടി നേരിടാതിരിക്കാൻ കൃത്യമായി വല നെയ്യുകയാണ് പൊലീസ്. 

മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക്

കൂടത്തായിയിൽ അടക്കം ചെയ്ത കല്ലറയിൽ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കാൻ ഒരുങ്ങുകയാണ് പൊലീസ്. വിശദമായ രാസപരിശോധനാഫലം ലഭിക്കാൻ വേണ്ടിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്നത്. ഇതുവരെ റോയ് തോമസിന്‍റെ മൃതദേഹത്തിൽ നിന്ന് മാത്രമേ സയനൈഡിന്‍റെ അംശം കണ്ടെത്തിയതായി പൊലീസിന്‍റെ പക്കൽ ആധികാരികമായ തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളിൽ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ മണ്ണിലഴുകിയാൽ പിന്നീട് സയനൈഡിന്‍റെ അംശം കണ്ടെത്തുക ദുഷ്കരമാണെന്ന് വിദഗ്‍ധർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

click me!