
ചാരുംമൂട്: അധ്യാപനം മാത്രമല്ല കൃഷിയെന്ന തപസ്യയെ നെഞ്ചോടുചേര്‍ത്ത് പിടിച്ച് മണ്ണില്‍ പൊന്നുവിളയിക്കുകയാണ് വിനോദ് കുമാർ. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപകനായ വിനോദ്കുമാർ തന്‍റെ 80 സെന്റ് സ്ഥലത്ത് കൃഷി നടത്തിയാണ് പുതുതലമുറക്ക് മാതൃകയാവുകയാണ്. ഏത്തവാഴ, ഞാലിപ്പൂവൻ, പാളയം കോടൻ, ചാര പൂവൻ എന്നീ ഇനങ്ങളിൽ 700 വാഴകളും ,കപ്പ, ചേന, ചേമ്പ്, കാച്ചിൽ, മത്തൻ, ഇഞ്ചി, മഞ്ഞൾ തുടങ്ങി വൈവിധ്യമാർന്ന വിളകൾ ഇദ്ദേഹത്തിൻ കൃഷിതോട്ടത്തിലുണ്ട്. വഴുതന, വെണ്ട, കോവൽ,തക്കാളി, കറിവേപ്പ്, വിവിധയിനം പച്ചമുളക്, ചീര, പടവൽ, പാവൽ, കുരുമുളക് തുടങ്ങി പച്ചക്കറി ഇനങ്ങള്‍ മാത്രമല്ല പപ്പായ തോട്ടവും, കൂൺ കൃഷിയും, ബന്ദിയും കൃഷി തോട്ടത്തിൽ നന്നായി പരിപാലിക്കുന്നു.
കൂടാതെ പത്തു വർഷമായി ആട് കൃഷി ചെയ്തു വരുന്നു. ആട്ടിൻ കാഷ്ഠവും, കോഴിക്കാഷ്ടവും വളമായും, ജൈവകീടനാശിനിയായുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. എഴുപതോളം തെങ്ങും, മാവ്, അഗത്തി ചീര, അടക്കാമരം എന്നിവയും ഇദ്ദേഹത്തിന്‍റെ കൃഷിസ്ഥലത്തുണ്ട്. കഴിഞ്ഞ വർഷം മുന്നൂറോളം നേന്ത്രക്കുലകളും, പച്ചക്കറികളും ഉൾപ്പെടെ തന്‍റെ കൃഷിത്തോട്ടത്തിൽ ഉൽപാദിപ്പിച്ചതായി വിനോദ് കുമാർ പറയുന്നു. കരിമുളക്കൽ പ്രവർത്തിക്കുന്ന കാർഷിക വിപണിയിലൂടെയാണ് പ്രധാനമായും ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത്. മണ്ണിനോടും, കാർഷിക സംസ്കൃതിയോടുമുളള സ്നേഹവും, പ്രവർത്തനവുമാണ്, കാൽ നൂറ്റാണ്ടായി അധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന വിനോദ് മാഷിനെ കാർഷിക രംഗത്തേക്ക് നയിച്ചത്.
ചുനക്കര പഞ്ചായത്ത് ഏഴാം വാർഡിൽ കോമല്ലൂർ മെഴുവേലിൽ വിനോദ് കുമാർ കഴിഞ്ഞ രണ്ടു വർഷക്കാലമായിട്ടാണ് കാർഷിക രംഗത്ത് സജീവമായത്. നിർദ്ദേശവും, സാങ്കേതികമായ ഉപദേശങ്ങളും നല്കി ചുനക്കര കൃഷി ഓഫീസറും, മുൻ കൃഷി ഓഫീസർ വള്ളികുന്നം രാമചന്ദ്രൻ മാഷും,ചുനക്കര കൃഷി ഭവൻ ഉദ്യോഗസ്ഥരും ഇദ്ദേഹത്തിനൊപ്പമുണ്ട്. മക്കളായ വിനായക് വിനോദ്, വൈഷ്ണവി വിനോദ്, ജി.എസ്.ടി വകുപ്പിൽ സീനിയർ ക്ലാർക്ക് ആയ ഭാര്യ പി.ആർ. രശ്മി , ഭാര്യയുടെ മാതാപിതാക്കളായ രാധാകൃഷ്ണൻ നായർ, രമാദേവി എന്നിവർ അടങ്ങുന്ന കുടുംബം നല്കുന്ന പരിപൂർണ പിന്തുണയാണ് ഇദ്ദേഹത്തിന്റെ വിജയരഹസ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam