
കൊച്ചി: ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയപ്പോൾ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷകൾ. അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്. ഏറെ കാത്തിരുന്ന നിർമിച്ച വീടിന്റെ ഗൃഹപ്രവേശം നടത്തി ഏറെ നാൾ കഴിയും മുന്നെയാണ് ദാരുണ സംഭവം വിനോദിന്റെ ജീവനെടുത്തത്. റെയിൽവേയിലെ ജോലി വിനോദിന് ഉപജീവനമായിരുന്നു. സിനിമയിലെ അഭിനയം സ്വപ്നവും. ആ സ്വപ്നത്തിലേക്കുള്ള യാത്രക്കിടെയാണ് രജനീകാന്ത എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂരത വിനോദിന്റെ ജീവനെടുത്തത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ചെറുവേഷങ്ങളിലെത്തിയ വിനോദ് കരുത്തുള്ള ഒരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. അതിനിടെയാണ് മദ്യലഹരിയിൽ ഒരാൾ നടത്തിയ അതിക്രമം ആ ജീവൻ കവർന്നത്.
തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ മാസം 27നാണ്. സഹപ്രവർത്തകരെയെല്ലാം ഗൃഹപ്രവേശനത്തിന് വിളിച്ചിരുന്നു. അപ്രതീക്ഷിത ദുരന്തം വിനോദിന്റെ ജീവനെടുക്കുമ്പോൾ ആ വീടിന്റെ സുരക്ഷിതത്വത്തിൽ ഒന്നും അറിയുന്നുണ്ടായിരുന്നില്ല അമ്മ. റെയിൽവേ ജീവനക്കാരത്തെി സൂചന നൽകും വരെ. എല്ലാവരുമായും നല്ല രീതിയിൽ ഇടപഴകിയിരുന്ന വിനോദിന്റെ ദുര്യോഗം അമ്മയെ തളര്‍ത്തി. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കൾക്കും വേദന താങ്ങാവുന്നതിലുമധികം.
സർവീസിലിരിക്കെ മരിച്ച അച്ചന്റെ ജോലിയാണ് വിനോദിനെ തേടിയെത്തിയത്. മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിനോദ് ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ടിക്കറ്റ് ചെക്കിംഗ് വിഭാഗത്തിലേക്ക് മാറിയത്. ഒടുവിൽ ആ ജോലി തന്നെ, വിനോദിന് മടക്കമില്ലാത്ത യാത്രയ്ക്ക് ടിക്കറ്റ് നൽകി. മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. അറസ്റ്റിലായ പ്രതി രജനീകാന്തയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും ആലോചിക്കുന്നുണ്ട്. ഇന്നലെ രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയക്ക് വിധേയനാക്കിയ പ്രതിയെ തൃശ്ശൂരിൽ എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എഴരയോടെയാണ് എറണാകുളം-പറ്റ്ന എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി, ടിടിഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ടത്. പാളത്തിൽ വീണ വിനോദിന്റെ ശരീരത്തിലൂടെ എതിർ ദിശയിൽ വന്ന ട്രെയിൻ കയറുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam