Latest Videos

ബുള്ളറ്റില്‍ വോട്ടഭ്യര്‍ത്ഥന, ഒളവണ്ണയില്‍ വിജയിച്ച് വൈറലായ പെണ്‍സ്ഥാനാര്‍ത്ഥി

By Web TeamFirst Published Dec 16, 2020, 11:27 AM IST
Highlights

പ്രചരണ പോസ്റ്ററുകളിലും ബുള്ളറ്റോടിക്കുന്ന ശാരുതിയുടെ ചിത്രം തന്നെയായിരുന്നു. കൂടാതെ വോട്ടഭ്യര്‍ത്ഥിക്കാനും ശാരുതി വീടുകളിലെത്തിയത് ബുള്ളറ്റില്‍ തന്നെയായിരുന്നു. 

കോഴിക്കോട്: യുവാക്കളുടെ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പാണ് ഇക്കുറി കേരളത്തിലേത്. തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു ഈ സ്ഥാനാര്‍ത്ഥികളും. ഇടതുപക്ഷം മിക്കയിടത്തും പോരിനിറക്കിയത് യുവാക്കളെ തന്നെയാണ്. അതില്‍ ശ്രദ്ധേയായ സ്ഥാനാര്‍ത്ഥിയായിരുന്നു ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ശാരുതി പി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മത്സരിച്ച ശാരുതിയെ വ്യത്യസ്തയാക്കിയത് വോട്ട് ചോദിക്കാന്‍ പോയിരുന്ന രീതിയാണ്. ബുള്ളറ്റിലായിരുന്നു വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ശാരുതിയുടെ യാത്ര. ശാരുതിയുടെ വോട്ടഭ്യര്‍ത്ഥന ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

പ്രചരണ പോസ്റ്ററുകളിലും ബുള്ളറ്റോടിക്കുന്ന ശാരുതിയുടെ ചിത്രം തന്നെയായിരുന്നു. കൂടാതെ വോട്ടഭ്യര്‍ത്ഥിക്കാനും ശാരുതി വീടുകളിലെത്തിയത് ബുള്ളറ്റില്‍ തന്നെയായിരുന്നു. ബുള്ളറ്റില്‍ വന്ന സ്ഥാനാര്‍ത്ഥിയെന്നതിനുമപ്പുറം കൊവിഡ് കാലത്തും പ്രളയകാലത്തുമെല്ലാം വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടായിരുന്നു ശാരുതി. നാട്ടില്‍ റേഷന്‍ കട നടത്തുന്നയാള്‍ക്ക് കൊവിഡ് വന്നപ്പോള്‍ അത് നടത്തിയതും ശാരുതിയായിരുന്നു. 

ഏതായാലും സംസ്ഥാനത്തെ യുവതലമുറ സ്ഥാനാര്‍ത്ഥികളിലൊരാളായ ശാരുതി വിജയിച്ചിരിക്കുകയാണ്. പ്രവര്‍ത്തനങ്ങളിലും ഈ ഊര്‍ജ്ജം കാത്തുസൂക്ഷിക്കും ശാരുതിയെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും. 

click me!