കൊവിഡ് പ്രതിസന്ധിയിൽ വാടക മുടങ്ങി; ബലമായി കടയൊഴിപ്പിച്ച് ഉടമ; ഫേസ്ബുക്ക് വീഡിയോയുമായി വ്യാപാരി

By Web TeamFirst Published Jun 26, 2021, 4:56 PM IST
Highlights

എട്ടുലക്ഷം രൂപയുടെ അടുത്ത് വിലപിടിപ്പുള്ള സാധനങ്ങളാണ് കടയിലുണ്ടായിരുന്നതെന്നും താക്കോൽ നൽകിയിരുന്നെങ്കിൽ സാധനങ്ങൾ എങ്ങോട്ടെങ്കിലും എടുത്തുമാറ്റുമായിരുന്നു എന്ന് സന്തോഷ് പറയുന്നു. 

തിരുവനന്തപുരം: വാടക നൽകിയില്ലെന്ന കാരണത്താൽ കടയുടമ ബലമായി കടയൊഴിപ്പിച്ചെന്ന പരാതിയുമായി വാടകക്കാരനായ വ്യാപാരി. വിതുര കലുങ്ക് ജം​ഗ്ഷനിൽ മൈഥിലി ഫാൻസി സ്റ്റോർ നടത്തുന്ന സന്തോഷ് എന്ന വ്യാപാരിയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ഫേസ്ബുക്ക്  വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. കൊവിഡിനെ തുടർന്ന് കടയിൽ കച്ചവടം ഇല്ലാതാവുകയും നാലുമാസത്തെ വാടക മുടങ്ങുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമിനോട് സന്തോഷ് വിശദീകരിക്കുന്നു.

''എട്ട് വർഷത്തിലധികമായി വിതുരയിൽ മൈഥിലി ഫാൻസി സെന്റർ എന്നൊരു സ്ഥാപനം നടത്തിവരികയാണ്. കൊറോണ സമയത്ത് എല്ലാ മേഖലയിലെന്നുമെന്ന പോലെ എനിക്കും വളരെ ബുദ്ധിമുട്ടുണ്ടായി. കട തുറക്കാൻ പറ്റിയില്ല. എന്നിട്ടും ഓട്ടോറിക്ഷ ഓടിച്ച് ഞാൻ വാടക കൊടുത്തുകൊണ്ടിരുന്നു. അവസാനം നാലുമാസത്തെ വാടക കൊടുക്കാൻ സാധിക്കാതെ വന്നു. നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വാടക കൊടുക്കാൻ പറ്റിയില്ല. അങ്ങനെയിരിക്കെ കഴിഞ്ഞ ഫെബ്രുവരി 28 ന് കടഉടമ എന്റെ ഭാര്യയുടെ കയ്യിൽ നിന്ന് ബലമായി താക്കോൽ വാങ്ങി. ഈ സംഭവം വ്യാപാരികളോടും പാർട്ടിക്കാരോടും ഒക്കെ പറഞ്ഞിട്ടും താക്കോൽ തിരികെ തരാൻ അദ്ദേഹം തയ്യാറായില്ല. മറ്റാർക്കോ കട കൊടുക്കാൻ വേണ്ടിയാണ്, കട ഒഴിവായി തരണം എന്നാണ് ആവശ്യപ്പെട്ടത്.'' ഈ ആവശ്യം പറഞ്ഞ് നിരന്തരമായി ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് കടയുടെ താക്കോൽ നൽകേണ്ടി വന്നതെന്നും സന്തോഷ് പറഞ്ഞു.

''രാവിലെ കടതുറക്കാൻ വരുമ്പോൾ ഉടമ കടയുടെ മുന്നിലുണ്ടാകും. 'മാറുന്നില്ലേ, വാടക തരുന്നില്ലെ' എന്ന് ചോദിച്ചുകൊണ്ട്. നിരന്തരമായി ബുദ്ധിമുട്ടിക്കുന്നു എന്ന് ഭാര്യ വിളിച്ചു പറഞ്ഞതിനെ തുടർന്ന് ഞാൻ പറഞ്ഞു, ഇനി ഇങ്ങനെ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ കട പൂട്ടി താക്കോൽ കയ്യിൽ കൊടുത്തേക്കൂ എന്ന്. വീട് ജപ്തി നേരിടുന്ന സമയം കൂടിയായിരുന്നു അത്. കൊവിഡ് പ്രശ്നങ്ങളുള്ള സാഹചര്യമായത് കൊണ്ട് ബാങ്കുകാർ ജപ്തി ഒഴിവാക്കി, കുറച്ച് സാവകാശം തന്നു. വീട് വിറ്റിട്ട് പണം അടക്കാം എന്ന് പറഞ്ഞു. ‍ഞാൻ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഉടമക്കറിയാം. ഞാൻ 15  മാസത്തെ വാടക കൊടുക്കാനുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ജൂലൈ 17 വരെ എ​ഗ്രിമെന്റുണ്ട്.'' സന്തോഷ് പറയുന്നു. 

പരാതിയുമായി വിതുര പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും തങ്ങൾ പറയുന്നതൊന്നും ചെവിക്കൊള്ളാൻ പൊലീസ് ഉദ്യോ​ഗസ്ഥർ തയ്യാറായില്ലെന്നും സന്തോഷ് വ്യക്തമാക്കി. പെട്ടെന്ന് കട ഒഴിവായി കൊടുക്കാനായിരുന്നു അവരുടെ നിർദ്ദേശം. ഒടുവിൽ എ​ഗ്രിമെന്റ് കാണിച്ചപ്പോൾ ജൂലൈ 17 വരെ നോക്കാൻ എസ്ഐ പറഞ്ഞു. എന്നാൽ എ​ഗ്രിമെന്റ് അവസാനിക്കുന്ന ദിവസം വരെയെങ്കിലും സാവകാശം ചോദിച്ചിട്ടും കടയുടമ അപ്പോഴും സമ്മതിക്കാൻ തയ്യാറായില്ല. വാടക കൂടുതൽ തരുന്നവർക്ക് കട നൽകണമെന്നും എത്രയും പെട്ടെന്ന് ഒഴിവായി തരണമെന്നുമാണ് അപ്പോഴും അയാൾ ആവശ്യപ്പെട്ടത്. ഒരു ലക്ഷം രൂപ ഡെപ്പോസിറ്റും ആറായിരം രൂപ വാടകയുമാണ് കൊടുത്തുകൊണ്ടിരുന്നത്.

കടയിൽ നിന്നും സാധനങ്ങൾ എടുത്തുമാറ്റുന്നതിനായി താക്കോൽ നൽകാനും ഉടമ തയ്യാറായില്ല. യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചക്കും ഉടമ തയ്യാറായില്ലെന്നും സന്തോഷ് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരാഴ്ചത്തെ സമയം നല്‍കിയിരുന്നു. തുടര്‍ന്ന് സാധനങ്ങള്‍ എടുത്തുമാറ്റാന്‍ കടയിലെത്തിയിട്ടും അവിടുന്ന് തിരികെ പോരേണ്ട സാഹചര്യമാണുണ്ടായത്. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കടയിൽ നിന്നും സാധനങ്ങൾ എല്ലാം എടുത്തുമാറ്റുന്നു എന്ന് അറിഞ്ഞത്. എങ്ങോട്ടാണ് ഇവയെല്ലാം കൊണ്ടുപോയതെന്ന് പോലും അറിയില്ല. അഡ്വാൻസ് തിരികെ നൽകുന്ന കാര്യത്തെക്കുറിച്ച് പോലും ഉടമ പറയുന്നില്ല. സഹായത്തിനായി പലരെയും സമീപിച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതെന്നും സന്തോഷ് പറഞ്ഞു. 

എട്ടുലക്ഷം രൂപയുടെ അടുത്ത് വിലപിടിപ്പുള്ള സാധനങ്ങളാണ് കടയിലുണ്ടായിരുന്നതെന്നും താക്കോൽ നൽകിയിരുന്നെങ്കിൽ സാധനങ്ങൾ എങ്ങോട്ടെങ്കിലും എടുത്തുമാറ്റുമായിരുന്നു എന്ന് സന്തോഷ് പറയുന്നു. സംഭവത്തെക്കുറിച്ച് സിഐയ്ക്ക് പരാതി നൽകിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാപാരിക്ക് നേരിടേണ്ടി വന്ന അവസ്ഥയിൽ നിരവധി ആളുകളാണ് വീഡിയോയിൽ പ്രതികരണമറിയിച്ചിരിക്കുന്നത്. ഭാര്യയും നാലാം ക്ലാസ് വിദ്യാർത്ഥിയായ മകളും പത്താം ക്ലാസ് വിദ്യാർത്ഥിയായ മകനുമടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം. 

"

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!