അക്കൗണ്ടിലേക്ക് വന്ന വായ്പ അടക്കം അടിച്ചുമാറ്റി; ഐടി ജീവനക്കാരനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതിയെ രാജസ്ഥാനില്‍ പോയി പിടികൂടി വയനാട് പൊലീസ്

Published : Oct 25, 2025, 07:10 PM IST
virtual arrest scam

Synopsis

പടിഞ്ഞാറത്തറ സ്വദേശിയായ ഐ.ടി ജീവനക്കാരനെ വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രാജസ്ഥാൻ സ്വദേശിയെ വയനാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

കല്‍പ്പറ്റ: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കവര്‍ന്ന യുവാവിനെ രാജസ്ഥാനില്‍ നിന്നും വയനാട് സൈബര്‍ ക്രൈം പൊലീസ് പിടികൂടി. രാജസ്ഥാന്‍ ബികനീര്‍ സ്വദേശിയായ ശ്രീരാം ബിഷ്‌ണോയിയെ (28) ആണ് വയനാട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഐ.ടി ജീവനക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്.

2024 ആഗസ്റ്റിലാണ് സംഭവം. യുവാവിനെ തട്ടിപ്പുകാര്‍ സ്‌കൈപ് വഴി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ വിവിധ ബാങ്കുകളില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ലോണുകള്‍ നേടിയിട്ടുണ്ടെന്നും അതിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് ഇഷ്യൂ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാനായി യുവാവിന്‍റെ അക്കൗണ്ടിലെ പണം അടുത്ത ബന്ധുവിന്‍റെ അക്കൗണ്ടിലേക്ക് മാറ്റാനും നിര്‍ദേശിച്ചു. പിന്നീട് യുവാവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ പ്രീ അപ്രൂവ്ഡ് ആയി ഉണ്ടായിരുന്ന പേര്‍സണല്‍ ലോണ്‍ തുക പ്രതികളുടെ അക്കൌണ്ടിലേക്ക് മാറ്റുകയാണ് തട്ടിപ്പുകാര്‍ ചെയ്തത്. ഇത് തട്ടിപ്പാണ് എന്ന് മനസിലായ പരാതിക്കാരന്‍ സൈബര്‍ പോര്‍ടല്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് പടിഞ്ഞാറത്തറ പൊലീസ് കേസെടുക്കുകയുമായിരുന്നു.

അന്വേഷണം ഏറ്റെടുത്ത സൈബര്‍ ക്രൈം പൊലീസ് തട്ടിപ്പുകാരുടെ ലൊക്കേഷന്‍ രാജസ്ഥാനിലെ പാക് അതിര്‍ത്തി പ്രദേശങ്ങളായ നോക്ക, ബുലാസര്‍ബാര എന്നിവിടങ്ങളിലാണെന്ന് മനസിലാക്കി. പ്രതികളില്‍ ഒരാളായ ശ്രീരാം ബിഷ്ണോയി എന്നയാളെ ബികനീറില്‍ നിന്നും പണം കൈമാറാന്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടക്കം പിടികൂടുകയായിരുന്നു. ബികനീര്‍ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റോടു കൂടി വയനാട്ടിലെത്തിച്ചു. തുടര്‍നടപടികള്‍ക്ക് ശേഷം മാനന്തവാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സൈബര്‍ സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടര്‍ പി പി ഹാരിസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ എ അബ്ദുള്‍ സലാം, പി വി ശ്രീനാഥ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിസണ്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി