
തിരുവനന്തപുരം: " ഇപ്പൊ എന്‍റെ അവസ്ഥ ഓർത്ത് എനിക്ക്, കരയാൻ തോന്നുന്നില്ല. ഇതിനപ്പുറം വേദനകൾ ഇനി എനിക്ക് വരാൻ ഇല്ല. ശരീരം ആസകലം ചികിത്സയ്ക്കായി കീറിയിട്ടുണ്ട്." പന്ത്രണ്ടാം വയസ് മുതൽ സഹിക്കുന്ന വേദനകൾ ഉള്ളിലൊതുക്കി നിസഹായതയോടെ വിഷ്ണു പറയുന്നു. സമപ്രായക്കാരെ പോലെ നല്ലൊരു ജോലി വാങ്ങി വീട്ടുകാരെ സംരക്ഷിക്കാനും ബൈക്ക് ഓടിക്കാനും കളിക്കാനും ഒക്കെ ആഗ്രഹം ഉള്ളിലുണ്ടെങ്കിലും 22 വയസുകാരൻ വിഷ്ണുവിന് ജീവിക്കാനായി സുമനസുകളുടെ സഹായം വേണം. മകന്‍റെ ജീവൻ നിലനിർത്താൻ അമ്മ വൃക്ക ദാനം ചെയ്തെങ്കിലും നാല് മാസം കഴിഞ്ഞ് അതിന്‍റെ പ്രവർത്തനവും നിലച്ചു. വീണ്ടുമൊരു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 5 ലക്ഷം രൂപ ആവശ്യമാണ്. തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ കിഴക്കുപുറം തോട്ടരികത്ത് വീട്ടിൽ സന്തോഷ് കുമാർ, ഷീജ ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു എസ് (22) ആണ് ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് സുമനസ്സുകളുടെ സഹായം തേടുന്നത്.
2010 ൽ, ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിഷ്ണുവിന്‍റെ വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തുന്നത്. ഊർജ്ജസ്വലനായി കൂട്ടുകാർക്ക് ഒപ്പം കളിച്ചു ചിരിച്ച് നടന്ന വിഷ്ണുവിന് പെട്ടെന്നുണ്ടായ അവശതകളും ക്ഷീണവുമൊക്കെ കണ്ടാണ് നെടുമങ്ങാട് ഒരു ഡോക്ടറെ കാണുന്നത്. ഇദ്ദേഹത്തിന്‍റെ നിർദേശാനുസരണം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വിഷ്ണുവിന്‍റെ ഇരുവൃക്കകളും പ്രവർത്തനം നിലച്ചതായി കണ്ടെത്തിയത്. 2014 വരെ വിഷ്ണുവിന്‍റെ ജീവൻ ഡയാലിസിസ് വഴിയാണ് നിലനിർത്തിയത്. വൃക്ക മാറ്റി വെച്ചാൽ വിഷ്ണുവിന്‍റെ ജീവൻ നിലനിർത്താൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ മകനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ അച്ഛൻ സന്തോഷും അമ്മ ഷീജയും മുന്നോട്ട് വന്നു.
ആദ്യം അച്ഛൻ സന്തോഷിന്‍റെ വൃക്കയാണ് വിഷ്ണുവിന് നൽകാൻ തീരുമാനിച്ചത്. എന്നാൽ പരിശോധനയിൽ സന്തോഷിന് പ്രമേഹ രോഗത്തിന്‍റെ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനാൽ ഈ ശ്രമം നടന്നില്ല. തുടർന്നാണ് അമ്മ ഷീജ മകന് വൃക്ക നൽകാൻ തയ്യാറായത്. 2014 മാർച്ച് 15 ന് ശസ്ത്രക്രിയയിലൂടെ ഷീജയുടെ ഒരു വൃക്ക വിഷ്ണുവിന് മാറ്റി വെച്ചു. ക്രമേണ വിഷ്ണുവിന്‍റെ ആരോഗ്യനിലയിൽ മാറ്റം വന്നുതുടങ്ങി. എന്നാൽ, വൃക്ക മാറ്റിവച്ച് നാല് മാസം പിന്നിട്ടപ്പോൾ വിഷ്ണുവിന്‍റെ ശരീരത്തിൽ വീണ്ടും നീര് വെയ്ക്കാൻ തുടങ്ങി. ഇതിനിടെ നടക്കാൻ പോലും കഴിയാതെ വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമ്മയിൽ നിന്ന് സ്വീകരിച്ച വൃക്കയുടെ പ്രവര്‍ത്തനവും നിലച്ചതായി കണ്ടെത്തിയത്. ഇതോടെ കുടുംബത്തിന്‍റെ എല്ലാ പ്രതീക്ഷകളും വിഷ്ണുവിന്‍റെ സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായത് പോലെ തോന്നിയെന്ന് അമ്മ ഷീജ പറയുന്നു. അന്ന് മുതൽ ഇന്ന് വരെ ആഴ്ചയിൽ മൂന്ന് ദിവസം എസ്.എ.ടി ആശുപത്രിയിൽ മുടങ്ങാതെ ചെയ്യുന്ന ഡയാലിസിസാണ് ഇന്ന് ഈ ഇരുപത്തിരണ്ടുകാരന്‍റെ ജീവൻ നിലനിർത്തുന്നത്. കൂടാതെ ഇടയ്ക്കിടെ ഫിറ്റ്സ് വരുന്നതും വിഷ്ണുവിന്‍റെ ആരോഗ്യ നിലയെ ആശങ്കപ്പെടുത്തുന്നു.
മരുന്നിനും ഡയാലിസിസ് ചിലവുകൾക്കുമായി ഒരു മാസം 20,000 രൂപയാണ് ചിലവാകുന്നത്. വിഷ്ണുവിന്‍റെ അച്ഛൻ ഓട്ടോറിക്ഷ ഒടിച്ചും അമ്മ ഷീജ വീട്ടു ജോലികൾക്ക് പോയുമാണ് കുടുംബത്തിന്‍റെ ചിലവുകളും വിഷ്ണുവിന്‍റെ ചികിത്സയും ഇളയ സഹോദരന്മാരായ വൈഷ്ണവ്, ജിഷ്ണു എന്നിവരുടെ പഠനവും മുന്നോട്ട് കൊണ്ട് പോകുന്നത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി അഞ്ച് ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ശസ്ത്രക്രിയക്ക് ശേഷമുള്ള ചിലവുകൾ വേറെയും. മൂന്ന് തവണ മൃതസഞ്ജീവനി പദ്ധതിവഴി വിഷ്ണുവിന് വൃക്ക ലഭ്യമായെങ്കിലും പരിശോധനകളിൽ ഇത് വിഷ്ണുവിന്‍റെ ശരീരം സ്വീകരിക്കില്ലെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്താൻ സാധിച്ചില്ല. മൃതസഞ്ജീവനി സീനിയോറിറ്റി ലിസ്റ്റിൽ മുൻ നിരയിൽ ഉള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി വിഷ്ണുവിനെ തേടി എപ്പോള്‍ വേണമെങ്കിലും ആശുപത്രിയില്‍ നിന്നുള്ള വിളിയെത്താം.
ചികിത്സയും ശസ്ത്രക്രിയയും ഒക്കെയായി വിഷ്ണുവിന്‍റെ പഠനം പലതവണ തടസപ്പെട്ടെങ്കിലും തത്തുല്യ പരീക്ഷയിലൂടെ വിഷ്ണു പത്താം ക്ലാസ് പൂർത്തിയാക്കി. നിലവിൽ ഹയർസെക്കൻഡറി തത്തുല്യ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. പാചക കലയോട് ഒരുപാട് ആഗ്രഹമുള്ള വിഷ്ണുവിന് ഹോട്ടൽ മാനേജ്മെന്‍റ് പഠിക്കണമെന്നാണ് ആഗ്രഹം. വൃക്ക മാറ്റി വെച്ച് രോഗം ഭേദമായാല്‍ തനിക്ക് വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളെ സംരക്ഷിക്കണമെന്നും വിഷ്ണു പറയുന്നു.
വിഷ്ണുവിനെ ബന്ധപ്പെടാനുള്ള നമ്പര്‍ :
NAME : VISHNU.S
PH NO : 9656936580
6238510548
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam