പ്രളയ ഫണ്ട് തട്ടിപ്പ്: വിഷ്ണുപ്രസാദിനെ രണ്ടാഴ്‍ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്‍തു

By Web TeamFirst Published Mar 3, 2020, 4:44 PM IST
Highlights

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദ് കൂടുതല്‍  അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി കണ്ടെത്തി.

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും  തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ കളക്ട്രേറ്റ് ജീവനക്കാരന്‍ വിഷ്ണുപ്രസാദിനെ റിമാന്‍ഡ് ചെയ്‍തു. രണ്ടാഴ്‍ചത്തേയ്ക്കാണ് വിഷ്ണുപ്രസാദിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്‍തത്. മാർച്ച് ഏഴിന് ജാമ്യ ഹർജി  പരിഗണിക്കും. വഞ്ചന, ഫണ്ട് ദുർവിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകൾ പ്രകാരമാണ് വിഷ്ണുപ്രസാദിനെതിരെ കേസ്.10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. കേസിൽ സി പി എം തൃക്കാക്കരലോക്കൽ കമ്മിറ്റി അംഗമായിരുന്ന അൻവറും സഹായി മഹേഷും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദ് കൂടുതല്‍  അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി കണ്ടെത്തി. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം കൈമാറിയതായി സൂചനയുണ്ട്. വിഷ്ണുപ്രസാദിന്‍റെ വീട്ടില്‍  അന്വേഷണ സംഘം റെയ്ഡ് നടത്തി. വിഷ്ണു പ്രസാദിനെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയെന്ന് കണ്ടെത്തിയിരിക്കുന്നത്. കാക്കനാട്ടെ ദേനാ ബാങ്കിന്‍റെ ശാഖയിലേക്ക് രണ്ടര ലക്ഷം കൈമാറിയെന്ന് വിഷ്ണു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണം പിന്‍വലിച്ചത് ആരെന്ന് അറിയില്ലെന്നാണ് വിഷ്ണുവിന്‍റെ മൊഴി.

ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടാണ് ആദ്യ തട്ടിപ്പ് നടത്തിയത്. ഈ പണം പിന്നീട് സിപിഎം നേതാവ് അന്‍വറിന്‍റെ സഹകരണബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം പിന്‍വലിക്കുകയായിരുന്നു. ദേനാബാങ്കില്‍ രണ്ടര ലക്ഷം രൂപ നിക്ഷേപിച്ചത് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന്‍റെ ഭാര്യക്ക് വേണ്ടിയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരൂ എന്ന് അന്വേഷണ സംഘം അറിയിച്ചു. രാവിലെപത്ത് മണിയോടെ വിഷ്ണുപ്രസാദിന്‍റെ സാന്നിദ്ധ്യത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍ പരിശോധന നടത്തി. കാക്കനാട്ടെ മാവേലിപുരത്തുള്ള വസതിയിലായിരുന്നു പരിശോധന.

Read More: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ എറണാകുളം കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണുപ്രസാദ് അറസ്റ്റിൽ...

 

click me!