
തിരുവനന്തപുരം: യുഡിഎഫിന് അയിത്തം ഒന്നും കല്പിച്ചിട്ടില്ലെന്നും പക്ഷേ അറിയാത്തത് പറഞ്ഞാൽ തിരുത്തുമെന്നും കേരള കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖർ. ഇന്നത്തെ യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനം എൻഡിഎ മുന്നണിയിലുള്ള അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കുക എന്നതും യുഡിഎഫിന് വന്നിട്ടുള്ള തെറ്റിദ്ധാരണ നീക്കുകയെന്നുമാണ്. എൻഡിഎയിലുള്ള അതൃപ്തി പരിഹരിക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞാൽ തുടരും. പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ സ്വതന്ത്രരായി തുടരുമെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. യുഡിഎഫ് പ്രവേശനം വിവാദമായ സാഹചര്യത്തിൽ വാർത്താസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കുകയായിരുന്നു വിഷ്ണുപുരം ചന്ദ്രശേഖർ.
പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തിയാലേ എൻഡിഎയുമായി ഞങ്ങൾ സഹകരിക്കുള്ളൂ. നേതൃത്വത്തിലുള്ള പലരും കാമരാജ് കോൺഗ്രസിനെ ചവിട്ടി താഴ്ത്തുന്നവരാണ്. കോർപ്പറേഷനിലെ സത്യപ്രതിജ്ഞയ്ക്ക് കാമരാജ് കോൺഗ്രസ്സിനെ ക്ഷണിച്ചില്ല. പാർട്ടിയെ മുന്നണിയിൽ ഒതുക്കാനുള്ള ശ്രമം ആണ് നടക്കുന്നതെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസ്സുമായിട്ടുള്ള ഈ വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ല. നിയമസഭയിൽ 6 സീറ്റുകൾ ആവശ്യപ്പെടാൻ ആണ് തീരുമാനം. അതിൽ തിരുവനന്തപുരത്ത് കോവളം, അരുവിക്കര, പാറശ്ശാല മണ്ഡലങ്ങൾ ആണ് ആവശ്യപ്പെടാൻ പോകുന്നത്. കാമരാജ് കോൺഗ്രസിന്റെ കാര്യത്തിൽ ഒരു ചിറ്റമ്മ നയം ആണ് മുന്നണിയിൽ. ഇടുക്കിയിൽ പീരുമേട്, കോഴിക്കോട് സൗത്ത് എന്നിവയും ആവശ്യപ്പെടും. ഞങ്ങൾ ആരുടെയും അടിമ അല്ല. യുഡിഎഫ് വാതിൽ അടച്ചു വച്ചിട്ട് തുറന്നോട്ടെ. ഇരന്നു പോകേണ്ട കാര്യം കാമരാജ് കോൺഗ്രസ്സിന് ഇല്ല. 4 മാസം മുൻപ് പ്രതിപക്ഷ നേതാവും, കെ മുരളീധരനും ആയിട്ട് സംസാരിച്ചിരുന്നു. അറിയിച്ച പരാതികൾ പരിഗണിച്ചില്ലെങ്കിൽ സ്വതന്ത്രമായി മത്സരിക്കാൻ തയ്യാറാണ്. എന്തായാലും പിന്മാറാൻ ഇല്ല. പൊരുതി നേടും. യുഡിഎഫിനോട് തർക്കിച്ചു ഏറ്റുമുട്ടാൻ ഞങ്ങളില്ല. യുഡിഎഫിനെ ഞങ്ങൾ വഞ്ചിച്ചിട്ടില്ല. ആദ്യം മുതലവർക്ക് സഹായം മാത്രമേ ചെയ്തിട്ടുള്ളൂ. വിഷ്ണുപുരത്തെ വഞ്ചിക്കാൻ യുഡിഎഫിനും എൻഡിഎയ്‌ക്കും കഴിയില്ല.
ഇന്നലെ യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ സംസ്ഥാന നേതൃയോഗത്തിൽ ചർച്ച ചെയ്തുവെന്നും യുഡിഎഫുമായി പലകാര്യത്തിലും വാക്കു തർക്കം ഉണ്ടായെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. ഇന്നലെ വിഡി സതീശനുമായി സംസാരിച്ചിട്ടില്ല. മുൻകാലങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്. അതിൽ സംശയം ഒന്നുമില്ല. സ്വാഭാവികമായി പ്രവർത്തകരുടെ വികാരം മാനിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ ലഭിച്ചില്ല എന്നത് വസ്തുതയാണ്. എൻഡിഎ നേതൃത്വം ചർച്ച നടത്താമെന്ന് പറഞ്ഞിട്ടുണ്ട്. എൻഡിഎയിൽ നിന്ന് ഉചിതമായ ഒരു തീരുമാനം വരുന്നത് വരെ നിസ്സഹകരണം തുടരുമെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam