
ദില്ലി: വിസ്മയയുടെ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ് രാജേഷ് ബിന്ദല്‍ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹർജി സുപ്രീംകോടതി പരിഗണിച്ചെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നില്ല. പ്രതി കിരൺ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് വാദം. കേസിൽ കിരണിനായി അഭിഭാഷകൻ ദീപക് പ്രകാശ് ഹാജരായി.
ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണില്‍ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോൺ സംഭാഷണം അടക്കം പുറത്ത് വന്നിരുന്നു. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺ കുമാർ തന്നെ പറയുന്നുണ്ട്.
വാങ്ങി നൽകിയ കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു ആത്മഹത്യ നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam