
കൊല്ലം: ദുരൂഹ സാഹചര്യത്തിൽ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയെ കൊലപ്പെടുത്തിയതാണെന്ന് ആവർത്തിച്ച് കുടുംബം. മൃതദേഹത്തിലെ പാടുകൾ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായി അച്ഛൻ വിക്രമൻ പിള്ളയും മകൻ വിജിത്തും പറഞ്ഞു.
'മൂന്ന് മാസം മുൻപ് പരീക്ഷയ്ക്ക് പോയപ്പോ ബാഗോ വസ്ത്രങ്ങളോ ഒന്നും എടുത്തിരുന്നില്ല. വൈകീട്ട് മൂന്ന് മണിക്ക് അമ്മയെ വിളിച്ച് കിരണിന്റെ വീട്ടില് പോയെന്ന് പറഞ്ഞു. അവിടെ നിൽക്കുകയാണെന്ന് പറഞ്ഞു. അതിന് ശേഷം മോളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല,' എന്നായിരുന്നു വിക്രമൻ പിള്ളയുടെ പ്രതികരണം.
'തന്നെയോ വിജിത്തിനെയോ ഫോൺ വിളിച്ച് സംസാരിക്കാൻ കിരൺ സമ്മതിക്കില്ലായിരുന്നു. തന്നോട് ചോദിക്കാതെ പോയതിൽ തനിക്കും ഇത്തിരി വാശിയുണ്ടായിരുന്നു. എന്റെ മോളെ എനിക്ക് നഷ്ടപ്പെട്ടു. അതിലെനിക്ക് കുറ്റബോധം ഉണ്ട്. സ്ത്രീധനം എന്ന സംവിധാനത്തിന് താൻ നിൽക്കാൻ പാടില്ലായിരുന്നു. താനും അതിനെതിരായിരുന്നു. എന്നാൽ നേരിട്ട് വന്നപ്പോൾ ചെയ്യാതിരിക്കാൻ കഴിയാതെയായിപ്പോയി.'
'കിരൺ സ്ത്രീധനം വേണ്ടെന്ന് പറഞ്ഞായിരുന്നു വന്നത്. എന്നാൽ അവരുടെ വീട്ടിൽ വിവാഹത്തിന് മുൻപ് ബന്ധുക്കളുമായി പോയപ്പോൾ കിരണിന്റെ അച്ഛൻ ശിവദാസൻ പിള്ളയും മൂത്തച്ഛൻ സദാശിവൻ പിള്ളയുമുണ്ടായിരുന്നു. ഇവർ രണ്ട് പേരും തന്നെ വീടിന് പുറകിലേക്ക് രഹസ്യമായി വിളിച്ച് കൊണ്ടുപോയി മകൾക്ക് എന്ത് കൊടുക്കുമെന്ന് ചോദിച്ചു. ഒരേക്കർ 20 സെന്റ് വസ്തുവും 100 പവൻ സ്വർണവും പത്ത് ലക്ഷം രൂപയിൽ താഴെയൊരു വണ്ടിയും കൊടുക്കാമെന്ന് താൻ പറഞ്ഞു. ചടങ്ങിൽ വെച്ച് ചോദിച്ചപ്പോ ഇക്കാര്യം പറഞ്ഞില്ല. അതിന് ശേഷം കല്യാണ നിശ്ചയം നടത്തി. 900ത്തോളം പേർ നിശ്ചയത്തിൽ പങ്കെടുത്തിരുന്നു. ആറ് മാസത്തിന് ശേഷം വിവാഹം എന്നാണ് നിശ്ചയിച്ചിരുന്നത്. നാല് ടൂറിസ്റ്റ് ബസിലാണ് അവർ നിശ്ചയത്തിന് വന്നത്.'
'ഈ വർഷം ജനുവരി മാസം മുതലാണ് വണ്ടിയുടെ പേരിൽ പ്രശ്നം വന്നത്. വണ്ടിക്ക് പെട്രോൾ കിട്ടുന്നില്ല. മൈലേജ് ഇല്ലെന്നായിരുന്നു പരാതി. വണ്ടി വിറ്റ് അതിന്റെ പൈസ തരണം എന്ന് പറഞ്ഞു. സിസി ഇട്ട് എടുത്ത വണ്ടിയാണ് വിൽക്കാൻ പറ്റില്ലെന്ന് താൻ പറഞ്ഞു. അതിന് ശേഷം അവൻ എന്റെ മോളെ ഉപദ്രവിക്കാൻ തുടങ്ങി. ഈയൊരു കാർ മാത്രമേയുള്ളൂ പ്രശ്നം. ഇവിടെ വന്ന് വണ്ടിയെടുത്ത് ഇടിക്കുകയും എന്റെ മോനെ അടിക്കുകയും പൊലീസിനെ അടിക്കുകയും ഒക്കെ ചെയ്തു. താലൂക്കാശുപത്രിയിൽ വച്ച് 85 ശതമാനമാണ് ആൽക്കഹോൾ ലെവലെന്ന് കണ്ടെത്തി. അതിന് ശേഷം അവന്റെ അച്ഛനും അമ്മയും സഹപ്രവർത്തകരും അളിയനും ഒക്കെ ഇവിടെയെത്തി. മേലാൽ ആവർത്തിക്കില്ലെന്ന് പറഞ്ഞു,' എന്നും വിക്രമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'തൂങ്ങിമരണം നടന്നാൽ കൈ ശരീരത്തിൽ എവിടെയെങ്കിലും മാന്തുകയോ വസ്ത്രങ്ങളിൽ മുറുകിപ്പിടിക്കുകയോ ചെയ്യും, അതൊന്നും ഉണ്ടായിരുന്നില്ല,' എന്നായിരുന്നു വിജിത്തിന്റെ പ്രതികരണം. മലമോ മൂത്രമോ പോയിട്ടില്ല. കുരുക്ക് മുറുകിയ പാട് കഴുത്തിന്റെ താഴെ ഭാഗത്തായാണ് കിടക്കുന്നത്. തൂങ്ങിമരിക്കുന്ന ഒരാളിന്റെ കഴുത്തിന് മുകളിലാണ് പാട് ഉണ്ടാകേണ്ടത്. ഇടത് കൈത്തണ്ടയിൽ മുറിവുണ്ട്. അതിന്റെ രക്തക്കറ വലത് തുടയിലേക്ക് എങ്ങിനെ വന്നു? മരിച്ച് രണ്ട് മണിക്കൂറിന് ശേഷം ആശുപത്രിയിലെത്തിച്ച് വന്നുവെന്നാണ് ഡോക്ടർ പറഞ്ഞത്. അച്ഛൻ മൃതദേഹം കണ്ടിട്ടില്ല. ബോധപൂർവം ചെയ്ത കൊലപാതകമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആത്മഹത്യയെന്ന് വന്നാലും അതൊരു കൊലപാതകമാണ്. മൂന്ന് കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ മൃതദേഹം എത്തിക്കാൻ രണ്ട് മണിക്കൂർ സമയമെടുത്തു. എന്റെ കുട്ടി മരിച്ച ശേഷമാണ് അവൻ അവളെ അവിടെ എത്തിച്ചത്. നാല് ദിവസമായി അവൻ ഡ്യൂട്ടിക്ക് പോകുന്നില്ലായിരുന്നു. ഉപദ്രവിക്കുന്ന കാര്യം ഞങ്ങളോട് അവൾ പറയില്ലായിരുന്നു. തിരിച്ച് ഇങ്ങോട്ട് തന്നെ വരുമെന്ന് അവൾ ബന്ധുവിനോട് പറഞ്ഞിരുന്നു,' എന്നും വിജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്ത്രീധനം കൊടുക്കരുതെന്ന് എല്ലാവരും പറയും. സിസ്റ്റം മാറാതെ ഒന്നും നടക്കില്ല. ഹാഷ് ടാഗ് വിസ്മയ എന്നോ വേറൊരു പേരോ വരും. സർക്കാരിൽ വിശ്വാസമുണ്ട്. എല്ലാവരും ഇടപെട്ടു. അതിൽ സന്തോഷമുണ്ട്. കേസന്വേഷണത്തിൽ വിശ്വാസമുണ്ട്. അവന് ഒരു അവസരവും കിട്ടരുത്. 24 വയസേയുള്ളൂ. കൊച്ചുകുട്ടിയാണ് സാർ അവൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam