
പത്തനംതിട്ട: അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കും. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായാണ് വിശ്വാസ സംഗമം നടത്തുന്നത്. ഈ മാസം 22നാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുക. അയ്യപ്പ സംഗമം തട്ടിപ്പ് ആണെന്നു കാണിക്കാനാണ് വിശ്വാസ സംഗമം നടത്തുന്നത്. ഇതിലേക്ക് അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ക്ഷണിക്കാനാണ് ശ്രമം.
യാഥാർത്ഥ ഭക്തരുടെ സംഗമം വിശ്വാസ സംഗമമാണ് എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. പന്തളം കൊട്ടാരത്തെ കൂടി പങ്കെടുപ്പിക്കാനാണ് നീക്കം. ഇതിനായി നാളെ കുമ്മനം രാജശേഖരൻ പന്തളം കൊട്ടാരത്തിലെത്തി കൊട്ടാരം പ്രതിനിധികളുടെ പിന്തുണ ഉറപ്പാക്കും. 22ന് പന്തളത്തുവെച്ച് വിപുലമായ രീതിയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കാനാണ് തീരുമാനമെന്നാണ് വിവരങ്ങൾ. എൻഎസ്എസ് അടക്കമുള്ള വിശ്വാസികളെ ക്ഷണിക്കാനാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവരെ വിശ്വാസ സംഗമത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സർക്കാരിന്റെ അയ്യപ്പ സംഗമം തട്ടിപ്പാണെന്ന് കാണിക്കാനാണ് വിപുലമായ രീതിയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. ഇതിൽ ബിജെപി നേരിട്ട് പങ്കെടുക്കുന്നില്ല. പക്ഷേ, ബിജെപിയുടെ പൂർണ പിന്തുണ ഉണ്ടാകും.
വിശ്വാസ സംഗമം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നടത്തിയിട്ടില്ല. ഇതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഇക്കാര്യത്തിൽ ഹൈന്ദവ സംഘടനകൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ശേഷം ജനങ്ങളോട് ഔദ്യോഗികമായി അറിയിക്കുകയും ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർ വി ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിശ്വാസികളെ കബളിപ്പിക്കുന്ന നിലപാടാണ് സർക്കാരും ദേവസ്വം ബോർഡും എടുക്കുന്നത്. വിശ്വാസികളോടൊപ്പമാണ് തങ്ങൾ എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഒരു കാലത്തും സിപിഎമ്മിന് വിശ്വാസികളോട് കൂറോ അനുകമ്പയോ ഉണ്ടായിട്ടില്ല. ഹൈന്ദവ വിശ്വാസങ്ങളെ കടന്നാക്രമിക്കുന്ന സമീപനമാണ് എല്ലാക്കാലത്തും സിപിഎം സ്വീകരിച്ചിട്ടുള്ളത്. പൊടുന്നനെ സിപിഎമ്മിനുണ്ടായ മാറ്റം വിശ്വസിക്കാൻ കഴിയുന്നതല്ല. അത് രാഷ്ട്രീയ കാപട്യമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഹൈന്ദവ സമൂഹത്തെ ആകർഷിക്കാനുള്ള പൊളിറ്റിക്കൽ ജിമ്മിക്ക് മാത്രമാണ് ഇത്. വിശ്വാസികൾ വിശ്വാസത്തിലെടുക്കുന്നത് ഹൈന്ദവ സംഘടനകളെയാണ്. അതുകൊണ്ടുതന്നെ വിശ്വാസികൾ കബളിക്കപ്പെടുന്നതിനോട് ഒരിക്കലും കൂട്ടുനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam