
തൃശ്ശൂർ: വിയ്യൂർ ജയിലിൽ തടവുകാരെ ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ കോടതി ഇടപെടൽ. മർദനമെറ്റ പി.എം മനോജിനെ നാളെ നേരിട്ട് ഹാജരാക്കണം എന്ന് എൻഐഎ കോടതി നിർദ്ദേശിച്ചു. മറ്റൊരു പ്രതി അസറുദ്ധീന് വിദ്ഗദ ചികിത്സ നൽകാനും കോടതി ഉത്തരവിട്ടു. ഇന്ന് മനോജിനെ വീഡിയോ കോൺഫറസിലൂടെ ഹാജരാക്കിയിരുന്നു. തന്റെ ദേഹത്തുള്ള പരിക്കുകൾ മനോജ് കാണിച്ചു കൊടുത്തു. തുടർന്നാണ് കോടതി നേരിട്ട് ഹാജരാക്കാൻ നിർദേശിച്ചത്. ഇയാളുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമെന്ന നിർദ്ദേശം ഉദ്യോഗസ്ഥർ പാലിച്ചില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ജയിലിലേക്ക് മാറ്റിയെന്ന റിപ്പോർട്ട് മാത്രമാണ് കോടതിക്ക് കൈമാറിയത്. ലീഗൽ സർവീസ് അതോരിറ്റി ജയിലിലെത്തി മനോജിനെ കണ്ട് റിപ്പോർട്ട് നൽകണമെന്ന ഉത്തരവും നടപ്പാക്കിയില്ല. ആശുപത്രിയിൽ നിന്ന് പോയതിനാൽ കാണാൻ കഴിഞ്ഞല്ലെന്നായിരുന്നു വാദം.
എന്നാൽ അതേ സമയം, മർദിച്ച ഉദ്യോഗസ്ഥരെ വെള്ള പൂശുന്ന വിയ്യൂർ ജയിൽ സുപ്രണ്ടിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പ്രതികളാണ് ജയിൽ ഉദ്യോഗസ്ഥനെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സെല്ലിൽ തിരികെ കയറാൻ ഇവർ വിസമ്മതിച്ചപ്പോൾ ഉദ്യോഗസ്ഥർ ചെറുതായി ബലപ്രയോഗം നടത്തി. ഇതോടെ ജയിൽ വാർഡൻ അഭിനവിനെ പ്രതി ആക്രമിച്ചു. തടയാൻ ശ്രമിച്ച ഒരു തടവുകാരനെയും മർദ്ദിച്ചെന്നാണ് ജയിൽ സുപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പ്രതികൾക്കെതിരെ വിയ്യൂർ പോലീസ് കേസെടുത്തെന്നും സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. സെല്ലിൽ നിന്നും പ്രതികളെ ഗാർഡ് റൂമിൽ കൊണ്ട് പോയത് സമീപത്തെ സെല്ലിൽ സുരക്ഷിതമായി പാർപ്പിക്കാനാണെന്നാണ് വാദം.
കഴിഞ്ഞ 13 നാണ് ജയിൽ പുള്ളികൾക്ക് മർദ്ദനമേറ്റത്. സെല്ലിൽ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്നാണ് മർദ്ദനമുണ്ടായത്. പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി ലഭിച്ചു. ജയിൽ വാർഡനായ അഭിനവ്, ജോയിന്‍റ് സൂപ്രണ്ട് ശ്രീജിത്ത്, ഡപ്യൂട്ടി സൂപ്രണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്. ഗാർഡ് റൂമിൽ 15 ൽ അധികം ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പ്രതികളുടെ പരാതിയിൽ പറയുന്നത്.