Latest Videos

വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുനീക്കുമെന്ന് സമരസമിതി; കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

By Web TeamFirst Published Dec 7, 2022, 1:02 PM IST
Highlights

സമരപ്പന്തല്‍ ഇന്ന് പൊളിച്ച് നീക്കുമെന്ന് സമരസമിതിയും സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹർജി തീര്‍പ്പാക്കിയത്.

കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീര്‍പ്പാക്കി. സമരപ്പന്തല്‍ ഇന്ന് പൊളിച്ച് നീക്കുമെന്ന് സമരസമിതിയും സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹർജി തീര്‍പ്പാക്കിയത്. അതേസമയം, ലോഡുമായി വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന അദാനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടെന്നാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി പിന്നീട് പരിഗണിക്കും.

വിഴിഞ്ഞം സമരം തീർന്നതോടെ തുറമുഖ നിർമാണം നാളെ പുനരാരംഭിക്കും. ഇന്ന് രാത്രിയോടെ മുല്ലൂരിലെ സമരപ്പന്തൽ പൊളിച്ചുനീക്കും. 113 ദിവസം നീണ്ട ഉപരോധസമരത്തിനൊടുവിലാണ് മുല്ലൂർ തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചുനീക്കുന്നത്. തുറമുഖ കാവടത്തിലെ സമര പന്തൽ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിർമ്മാണം പുനരാരംഭിക്കുക. പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അതേസമയം, സമരം ഒത്തുതീർപ്പായതോടെ നഷ്ടപരിഹാരം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകും.

നാളെ വിഴിഞ്ഞം തുറമുഖം നിർമാണം വീണ്ടും തുടങ്ങും. പണി മുടങ്ങിയ ദിവസങ്ങൾ കണക്കിലെടുത്ത് ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. കൊല്ലത്തും തിരുവനന്തപുരത്തിന്റെ തീരത്തുമായുള്ള ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കും. പുലിമുട്ട് നിർമാണത്തിനായി സാധാരണ പ്രതിദിനം 15000 ടൺ കല്ലിടുന്നിടതിന് പകരം 30,000 ടൺ കല്ലിടാണ് ധാരണ. സമരം മൂലമുണ്ടായ 226 കോടി രൂപയുടെ ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറും. അദാനി ഗ്രൂപ്പിന് തുറമുഖ നിർമാണത്തിനുള്ള സമയപരിധി സർക്കാരിന് നീട്ടി കൊടുക്കേണ്ടിവരും. ഒപ്പം കാലപരിധി തീർന്ന സാഹചര്യത്തിൽ അദാനി ഗ്രൂപ്പിൽ നിന്നും ആർബിട്രേഷൻ ഇനത്തിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രവും സർക്കാർ ഉപേക്ഷിച്ചേക്കും. സമരം ഒത്തുതീർപ്പായെന്ന് അറിയിച്ചും സമവായ ശ്രമങ്ങൾക്ക് മുൻകൈയെടുത്ത കർദ്ദിനാൾ ക്ലിമിസ് കാതോലിക്ക ബാവയെ അഭിനന്ദിച്ചും മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തി.

ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ടിവന്നതിൽ ലത്തീൻ അതിരൂപതയ്ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യങ്ങൾ മത്സ്യത്തൊഴിലാളികളോട് വിശദീകരിക്കും. പുനരധിവാസം, നഷ്ടപരിഹാരം ഉൾപ്പടെയുള്ള വിഷയങ്ങളിലെ ഉറപ്പുകൾ ലംഘിക്കപ്പെട്ടാൽ
സമരത്തിന്റെ അടുത്തഘട്ടം തുടങ്ങാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. 

click me!