
കൊച്ചി: കുസാറ്റ് പ്രഫസർ നിയമന വിവാദത്തിൽ പ്രതികരിച്ച് ആരോപണ വിധേയയായ ഡോ ഉഷ അരവിന്ദ്. തനിക്ക് യോഗ്യകളുണ്ടെന്ന് അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംജി സർവകലാശാല പ്രോ വൈസ് ചാൻസലറായ ഭർത്താവിന്റെ വഴിവിട്ട സഹായം കൊണ്ടല്ല തനിക്ക് ജോലി ലഭിച്ചത്. ഭർത്താവിന്റെ സ്വാധീനം കൊണ്ടാണ് തനിക്ക് ജോലി ലഭിച്ചതെന്ന് ആരോപിക്കുന്നത് സ്ത്രീയെന്ന നിലയിൽ തന്നെ താഴ്ത്തിക്കെട്ടാനാണ്. വിഷയത്തിലെ തന്റെ പ്രാവീണ്യവും സംഭാവനകളും വിദേശ പ്രസിദ്ധീകരണങ്ങളിലെ തന്റെ ലേഖനങ്ങളും നിയമനത്തിൽ പരിഗണിക്കപ്പെട്ടു. തനിക്കെതിരായ ആരോപണത്തിൽ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഡോ ഉഷാ അരവിന്ദ് വ്യക്തമാക്കി.
എം ജി സര്‍വകലാശാലാ പ്രൊ വൈസ്‍ചാന്‍സലര്‍ ഡോ സി ടി അരവിന്ദ് കുമാറിന്‍റെ ഭാര്യയാണ് ഡോ കെ ഉഷ എന്ന ഉഷ അരവിന്ദ്. ഭര്‍ത്താവായ പിവിസി ഒപ്പിട്ട് നല്‍കിയ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് കുസാറ്റില്‍ ഉഷയെ പ്രൊഫസറായി നിയമിച്ചതെന്നാണ് പ്രധാന ആരോപണം. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ എം ജി പിവിസിക്കും നിയമനം നല്‍കിയ കുസാറ്റ് വിസിക്കുമെതിരെ അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റ് കാമ്പയിന്‍ കമ്മിറ്റി ഭാരവാഹികള്‍ ഗവര്‍ണറെ സമീപിച്ചു. ഉഷയ്ക്ക് ഭർത്താവായ പിവിസി ഒപ്പിട്ട് നൽകിയ സര്‍ട്ടിഫിക്കറ്റാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രധാന തെളിവായി ഉയർത്തിക്കാട്ടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസ് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
ഉയര്‍ന്ന അക്കാദമിക് യോഗ്യതകളും അധ്യാപന പരിചയവും ഉള്ളവരെ ഒഴിവാക്കിയാണ് ഉഷയ്ക്ക് നിയമനം നല്‍കിയതെന്നും ആരോപണമുണ്ട്. കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഉഷ 13 വര്‍ഷത്തെ അധ്യപന പരിചയമുണ്ടെന്ന സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തത്. പ്രൊജക്ടില്‍ ജോലി ചെയ്ത അതേ കാലയളവില്‍ ഗസ്റ്റ് അധ്യാപന പരിചയം നേടിയതായ സര്‍ട്ടിഫിക്കറ്റാണ് പിവിസി നല്‍കിയത്. യു ജി സി ചട്ടങ്ങള്‍ ലംഘിച്ച് താത്കാലിക പ്രൊജക്ട് ഉദ്യോഗസ്ഥയ്ക്ക് ഗൈഡ്ഷിപ്പ് നല്‍കിയത് തെറ്റാണെന്നും ആര്‍ എസ് ശശികുമാറും ഷാജര്‍ ഖാനും ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam