വിഴിഞ്ഞം സമയത്ത് പൂർത്തിയായില്ലെങ്കിൽ അദാനി നഷ്ടപരിഹാരം തരണം: കടകംപള്ളി

By Web TeamFirst Published Dec 5, 2019, 9:26 AM IST
Highlights

'വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക എന്നതിൽ സർക്കാർ സമയബന്ധിതമായാണ് മുന്നോട്ടു പോകുന്നത്. അങ്ങനെ നടന്നില്ലെങ്കിൽ അതിന്‍റെ നഷ്ടം അദാനിയുടെ കയ്യിൽ നിന്ന് ഈടാക്കേണ്ടതായി വരും'

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നതിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത് സമയത്ത് തീർത്തില്ലെങ്കിൽ സർക്കാരിന് അദാനിയിൽ നിന്ന് ആ നഷ്ടം നികത്തേണ്ടി വരും. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ അദാനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

''കാലതാമസം വന്നാൽ അദാനിയുടെ മേൽ ചുമത്തേണ്ടതായിട്ടുള്ള നടപടികളുണ്ട്. കൃത്യസമയത്ത് ഇത് പൂർത്തിയാക്കാനുള്ള നടപടികളുണ്ടാകണമെന്ന കർശനമായ നിർദേശം സർക്കാർ അദാനി പോർട്‍സിന് നൽകിയിട്ടുണ്ട്. എല്ലാ മാസവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇത് നിരീക്ഷിക്കുന്നുണ്ട്. അവശ്യം വേണ്ട പാറ കിട്ടാത്ത പ്രശ്നമുണ്ടായിരുന്നു. ഇത് കാരണം പദ്ധതി അൽപം വൈകിയിട്ടുണ്ട്. തമിഴ്‍നാട്ടിൽ നിന്ന് പാറ കൊണ്ടുവരുന്നത് അതേ സംസ്ഥാനത്ത് നിന്ന് തന്നെ തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഇപ്പോഴത് പരിഹരിച്ചിട്ടുണ്ട്. കൃത്യസമയത്ത് വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുക എന്നത് സർക്കാരിന്‍റെ ഒരു പ്രഖ്യാപിതലക്ഷ്യമാണ്. അത് പൂർത്തിയാക്കും'', കടകംപള്ളി വ്യക്തമാക്കി. 

ബുധനാഴ്ചയോടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട നിർമ്മാണത്തിനുള്ള കരാർ കാലാവധി അവസാനിച്ചിരുന്നു. പണി തീരാൻ അടുത്ത വർഷം ഡിസംബർ വരെയെങ്കിലും സമയമെടുക്കുമെന്നാണ് അദാനിയുടെ നിലപാട്. കരാർ ലംഘിച്ചാൽ നഷ്ടപരിഹാരം ഈടാക്കാമെങ്കിലും നയപരമായ തീരുമാനമെടുക്കാതെ സർക്കാറും മെല്ലെപ്പോക്കിലാണ്.

പൈലിംഗും ഡ്രഡ്ജിംഗ് ഒക്കെ പുരോഗമിക്കുമ്പോഴും പ്രധാനമായ പുലിമുട്ട് നിർമ്മാണം തീർന്നത് വെറും 20 ശതമാനം. പാറക്കല്ല് കിട്ടാനില്ലെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് മെല്ലെപ്പോക്ക് തുടരുന്നു. അടുത്ത ഡിസംബറിൽ തീരുമെന്ന് അദാനി പറയുമ്പോഴും സർക്കാർ ഇത് വരെ കാലാവധി നീട്ടിയിട്ടില്ല. 

ഓഖിദുരന്തം അടക്കമുള്ള പല കാരണം പറഞ്ഞ അദാനി സമയം നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. വ്യവസ്ഥ പ്രകാരമുള്ള ഇനിയുള്ള 3 മാസം സർക്കാറിന് അദാനി നഷ്ടപരിഹാരം നൽകേണ്ട. പക്ഷെ 3 മാസം കഴിഞ്ഞാൽ പിന്നെ ഒരോ ദിവസവും 12 ലക്ഷം രൂപ വെച്ച് നഷ്ടപരിഹാരമായി സർക്കാറിന് നൽകണം.

നിയമസഭാ തെരഞ്ഞെടുപ്പ് വരും മുമ്പെങ്കിലും കപ്പലെത്തണമെന്നാണ് സർക്കാറിന്‍റെ ഇപ്പോഴത്തെ മോഹം. അതിനാല്‍ തന്നെ അദാനിയെ പിണക്കാൻ സര്‍ക്കാര്‍ തയ്യാറുമല്ല.

click me!