
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നാളെ (ഒക്ടോബര്‍ 17) നടത്താനിരുന്ന റോഡ് ഉപരോധനത്തിന് വിലക്ക്. മുല്ലൂർ, വിഴിഞ്ഞം ജങ്ഷൻ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജാണ് ഉത്തരവിട്ടത്. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ പ്രക്ഷോഭം ലത്തീൻ അതിരൂപത ശക്തിപ്പെടുത്തുകയാണ്. ഇതിൻ്റെ ആദ്യപടിയായി തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ സര്‍ക്കാരിനെതിരായ ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിച്ചു. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്. സർക്കാരിൻ്റേത് ഏകപക്ഷീയമായ നിലപാടുകൾ ആണെന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു.
വിഴിഞ്ഞം സമരം ശക്തമാക്കാൻ സര്‍ക്കുലറിൽ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ധാര്‍ഷ്ഠ്യ മനോഭാവമാണെന്നും സര്‍ക്കുലറിലുണ്ട്. സമരത്തെ ധാര്‍ഷ്ഠ്യം കൊണ്ട് നേരിടുന്ന സര്‍ക്കാര്‍ സമരക്കാരുടെ ഒരു ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കുന്നില്ലെന്ന് സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു.
നാളെ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ഇടവകകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റോഡ് ഉപരോധത്തിൽ പരമാവധി ആളുകൾ പങ്കെടുക്കണമെന്നും തിരുവനന്തപുരം അതിരൂപതാ മെത്രാപ്പൊലീത്ത ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സര്‍ക്കുലറിൽ പറയുയുന്നുണ്ട്. ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങൾ നടത്തും. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ സാസ്കാരിക സംഗമം നടത്തിയും പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതി തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam