
അച്ചടി മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വി.കെ.മാധവന്‍കുട്ടി പുരസ്‌കാരത്തിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി. എസ്. രാജേഷ് അര്‍ഹനായി. അരലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ദൃശ്യമാദ്ധ്യമ രംഗത്തെ സമഗ്രസംഭാവനാ പുരസ്‌ക്കാരം മനോരമ ടിവി ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിനാണ്. മുന്‍ അംബാസിഡര്‍ ഡോ.ടി.പി. ശ്രീനിവാസന്‍ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയതെന്ന് കേരളീയം വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. ജി. രാജ്മോഹന്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ വി. കെ. മാധവന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം കേരളീയം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
ഏറെ കോളിളക്കം സൃഷ്ടിച്ച എസ്. എസ്. എല്‍. സി ചോദ്യപേപ്പര്‍ ചോര്‍ച്ച (2005) പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനാണ് രാജേഷ്. ആ വാര്‍ത്തയ്ക്ക് 22 പുരസ്‌കാരങ്ങള്‍ നേടി. മികച്ച വികസനോന്‍മുഖ പത്രപ്രവര്‍ത്തനത്തിനുള്ള പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് (2018), കേരള നിയമസഭ അവാര്‍ഡ് എന്നിവയടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. മികച്ച ടെലിവിഷന്‍ അഭിമുഖത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും സംസ്ഥാന മാധ്യമ അവാര്‍ഡും നേടിയിട്ടുണ്ട്. തിരുവനന്തപുരം അരുവിയോട് സെയിന്റ് റീത്താസ് യു.പി.സ്‌കൂള്‍ അദ്ധ്യാപികയായ എസ്.എസ്.ദീപയാണ് ഭാര്യ. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ രാജ്ദീപ് ശ്രീധര്‍ മകനാണ്.
പി.ടി.ഐ കേരള മുന്‍ ബ്യൂറോ ചീഫ് എന്‍.മുരളീധരന്‍, പി.എസ്.സി മുന്‍ അംഗം ആര്‍.പാര്‍വ്വതി ദേവി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ.ടി.പി.ശ്രീനിവാസന്‍, കേരളീയം ജനറല്‍ സെക്രട്ടറി എന്‍.ആര്‍.ഹരികുമാര്‍, അഡ്വ.ലാലു ജോസഫ് എന്നിവരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam