Latest Videos

'സ്വാധീനത്തിന്റെ പേരിൽ നീതിനിഷേധം പാടില്ല', മഹേശന്‍റെ കേസ് വഴിതിരിച്ച് വിടാൻ ശ്രമിക്കുന്നുവെന്നും സുധീരൻ

By Web TeamFirst Published Jul 6, 2020, 12:48 PM IST
Highlights

മഹേശൻറെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഹേശൻറെ ആത്മഹത്യയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർ എസ്എന്‍ഡിപി യോഗത്തിന്റെ ഉന്നത പദവിയിൽ ഉള്ളവർ തന്നെയാണ്. 

ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്‍റെ ആത്മഹത്യയിൽ രാഷ്ട്രീയ-സാംസ്‌കാരിക ലോകം മൗനം പാലിക്കുന്നത് നിരാശജനക‍മെന്ന് മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ. മഹേശൻറെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഹേശൻറെ ആത്മഹത്യയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർ എസ്എന്‍ഡിപി യോഗത്തിന്റെ ഉന്നത പദവിയിൽ ഉള്ളവർ തന്നെയാണ്. 

ആശ്വസിപ്പിക്കേണ്ടവർ ആശങ്കപ്പെടുത്തുകയാണ് ചെയ്തത്. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമം കുറ്റാരോപിതര്‍ നടത്തുന്നുണ്ട്. പ്രത്യേക സംഘം അന്വേഷണം നടത്തണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസുകൾ മുക്കി കളയാറാണ് പതിവ്. നിയമത്തിന്റെ മുമ്പിൽ എല്ലാവരും സമമാണ്. സ്വാധീനത്തിന്റെ പേരിൽ നീതി നിഷേധം ഉണ്ടാകരുതെന്നും സുധീരൻ കൂട്ടിച്ചേര്‍ത്തു. കെകെ മഹേശന്റെ ആത്മഹത്യാ കേസിൽ വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴും രാഷ്ട്രീയ പാർട്ടികളും നേതാക്കളും മൗനം തുടരുന്നതിനിടെയാണ് സുധീരൻ മഹേശൻറെ വീട് സന്ദർശിച്ചത്. 

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 27 കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ വെള്ളാപ്പള്ളി നടേശനൊപ്പം 7 കേസുകളില്‍ കെകെ മഹേശന്‍ പ്രതിയായിരുന്നു. വെള്ളാപ്പള്ളിയുടെ വലംകയ്യും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മഹേശന് മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. കേസുകള്‍ മഹേശന്‍റെ തലയില്‍ കെട്ടിവക്കാന്‍ ഗൂഡാലോചന നടന്നുവെന്നാണ് വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവരുടെ ആരോപണം.  മഹേശന്‍റേതായി പുറത്തുവന്ന ആത്മഹത്യാ കുറിപ്പിലും ഇക്കാര്യങ്ങളില്‍ സൂചന നൽകിയിരുന്നു. അതിനിടെ മഹേശന്‍റെ കുടുംബവും വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 

click me!