
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ സംവിധാനച്ചെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ ഫേസ്ബുക്ക് പേജ്. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടതിന് ശേഷമാണ് സുധീരന്‍ ആരോഗ്യമന്ത്രി കെകെ ശൈലജക്കും ചികിത്സ ഡോക്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്. കൊവിഡ് പോസിറ്റീവായി അരമണിക്കൂറിനകം ആരോഗ്യമന്ത്രി ഫോണിലൂടെ വിവരങ്ങള്‍ അന്വേഷിച്ചെന്നും ഏറ്റവും നല്ല ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്.
ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചത്. എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷര്‍മ്മദ്, ഇന്‍ഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദന്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എല്ലാ ഡോക്ടര്‍മാരോടും പ്രത്യേകം നന്ദി പറയുന്നു. സദാ സേവന സന്നദ്ധരായ സിസ്റ്റേഴ്‌സിനോടും ടെക്‌നീഷ്യന്‍സിനോടും മറ്റ് എല്ലാ വിഭാഗത്തില്‍പ്പെട്ട സ്റ്റാഫിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. വിഐപി കണ്‍സള്‍ട്ടന്റ് ഡോ. ഹരികൃഷ്ണന്റെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.
എന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മെഡിസിന്‍ വിഭാഗത്തിലെ ഡോ. സുരേഷിന്റെ അതാത് സമയങ്ങളിലുള്ള ഇടപെടലുകള്‍ എനിക്ക് എന്നും ആത്മവിശ്വാസം പകരുന്നതാണ്. ഇതിനെല്ലാം പുറമേ രുചിയും മണവും അനുഭവപ്പെടാത്ത ഈ അവസരത്തില്‍ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഒരുക്കി തന്ന കാന്റീന്‍ലെ സജീവനെയും സഹപ്രവര്‍ത്തകരെയും സന്തോഷത്തോടെ മനസ്സില്‍ കാണുന്നു. ആശുപത്രിവാസക്കാലത്ത് ആവശ്യമുള്ള സാധനസാമഗ്രികള്‍ എത്തിച്ചു തരുന്നതില്‍ നിതാന്തജാഗ്രത പുലര്‍ത്തിയ കുമാരപുരം രാജേഷിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
കൊവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം തന്നെ ബഹു ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ ഫോണിലൂടെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam