
ദില്ലി: ജീവനൊടുക്കിയ എസ് എൻ ഡി പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ മഹേശനെയും മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെയും വിമർശിച്ചും ശിവഗിരി മഠാധിപതിയെ തള്ളിയും തുഷാർ വെള്ളാപ്പള്ളി രംഗത്ത്. കെ കെ മഹേശനെതിരായ വെള്ളാപ്പള്ളിയുടെ അധിക്ഷേപങ്ങൾ ആവർത്തിച്ച തുഷാർ, കള്ളനെ കള്ളൻ എന്നല്ലാതെ എന്ത് പറയണമെന്നും ചോദിച്ചു. കെ കെ മഹേശനെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞതെല്ലാം സത്യമാണെന്നും സത്യം വിളിച്ചു പറയുന്നതിൽ എന്താണ് പ്രശ്നമെന്നും തുഷാർ ചോദിച്ചു. സുധീരന്റേത് ശുദ്ധമായ പ്രതികാര രാഷ്ട്രീയമാണെന്നും ബി ഡി ജെ എസ് അധ്യക്ഷനും എസ് എൻ ഡി പി വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മുൻപ് സുധീരനെ ആലപ്പുഴയിൽ നിന്നും തോൽപ്പിച്ച് കെട്ടുകെട്ടിച്ചതിന്റെ വിരോധമാണ് ഇപ്പോൾ തുടരെത്തുടരെ തീർക്കാൻ ശ്രമിക്കുന്നത്. മാൻഹോളിൽ വീണ് മരിച്ചവർക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് തുല്യനീതി വേണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടതെന്നും തുഷാർ കൂട്ടിച്ചേർത്തു. മുസ്ലിം മതത്തിൽ പെട്ടയാൾക്ക് മാത്രം സർക്കാർ ധനസഹായം നൽകിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ വെള്ളാപ്പള്ളിയെ ജാതിവാദി എന്ന് മുദ്രകുത്തി വേട്ടയാടാനാണ് സുധീരൻ നോക്കുന്നത്. അനാവശ്യമായ കഥകൾ പ്രചരിപ്പിച്ച് എസ് എൻ ഡി പിയെ തകർക്കാൻ ആരും നോക്കേണ്ടതില്ലെന്നും തുഷാർ പ്രതികരിച്ചു.
ശിവഗിരി മഠാധിപതിയുടെ പ്രസ്താവനകളെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് തുഷാർ രംഗത്തെത്തിയത്. ശിവഗിരി മഠവും എസ് എൻ ഡി പി യോഗവും രണ്ടും രണ്ടാണ്. മഠവുമായി എസ് എൻ ഡി പി യൂണിയന് യാതൊരുവിധ ബന്ധവുമില്ല. അങ്ങനെയുള്ളപ്പോൾ അവർക്ക് എങ്ങനെയാണ് എസ് എൻ ഡി പിയുടെ നിലപാടുകളെയും അഭിപ്രായങ്ങളെയും കുറിച്ച് പറയാൻ കഴിയുകയെന്ന് തുഷാർ ചോദിച്ചു. പാടില്ലാത്തതൊന്നും എസ് എൻ ഡി പി യൂണിയനിൽ നടക്കുന്നില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു.
അതേസമയം കെ കെ മഹേശന്റെ ആത്മഹത്യ കേസിൽ സതീശൻ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ന് വി എം സുധീരൻ രംഗത്തെത്തിയിരുന്നു. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലെ പോരായ്മ തുറന്നുകാട്ടി സുധീരൻ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു. കഴിഞ്ഞ ജൂൺ ആറിന് വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) നിയോഗിക്കണമെന്ന് വ്യക്തമാക്കിയ സുധീരൻ, കത്തിന്റെ പകർപ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കൈമാറിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശൻ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കാൻ ഇനിയും വൈകരുതെന്നും സുധീരൻ കത്തിലൂടെ ശക്തമായി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam